ഇസ്രയേൽ വെടിവെപ്പ്; ഗാസയിൽ മാധ്യമപ്രവർത്തകരുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

0
111

കയ്റോ: ഗാസയിൽ ബുധനാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും മൂന്നു മാധ്യമപ്രവർത്തകരും ഉൾപ്പെടെ 11 പലസ്തീൻകാർ മരിച്ചെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. പട്ടാളക്കാർക്കു ഭീഷണിയുയർത്തിയ പലസ്തീൻ ‘ഭീകരനെ’ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

മധ്യഗാസയിലൂടെ കാറിൽ പോകുകയായിരുന്ന മാധ്യമപ്രവർത്തകരാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. പലസ്തീൻകാർ താമസിക്കുന്ന കൂടാരങ്ങളിലെ സ്ഥിതി ചിത്രീകരിക്കാൻ പോയവരാണിവർ.

ഗാസയിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു മേൽനോട്ടംവഹിക്കുന്ന ഈജിപ്ഷ്യൻ കമ്മിറ്റിയാണ് ഇവരുടെ യാത്രയൊരുക്കിയത്. കമ്മിറ്റിയുടെ വാഹനത്തിലായിരുന്നു മാധ്യമപ്രവർത്തരുടെ യാത്രയെന്ന് ഈജിപ്ഷ്യൻ സുരക്ഷാവൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് ഇസ്രയേൽസൈന്യം പ്രതികരിച്ചില്ല.