ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ കാമുകിയെ കൊലപ്പെടുത്തിയ മുൻ റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ. രണ്ട് ഭാര്യമാരുള്ള രാം സിങ് എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ പിടിയിലായത്. യുവതിയുടെ മൃതദേഹം ലോഹപ്പെട്ടിയിലാക്കി കത്തിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹ അവശിഷ്ടവുമായി പോകുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. രാം സിങിനോട് യുവതി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച് പ്രീതി എന്നു പേരുള്ള യുവതിയെയാണ് രാം സിങ് കൊലപ്പെടുത്തിയത്. ജനുവരി എട്ടിനു ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മൂടി ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് രാം സിങ് വലിയ ലോഹപ്പെട്ടി വാങ്ങി മൃതദേഹം അതിനുള്ളിലാക്കി തീകൊളുത്തുകയായിരുന്നു. ശേഷം ചാരം ഉൾപ്പെടെയുള്ള മൃതദേഹ അവശിഷ്ടങ്ങൾ നദിയിൽ തള്ളാനായി മകനെയും കൂട്ടി വാഹനം വാടകയ്ക്കു വിളിച്ചു. ഈ വാഹനത്തിന്റെ ഡ്രൈവർക്കു തോന്നിയ സംശയമാണ് രാംസിങ്ങിനെ കുടുക്കിയത്. ഇയാൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പെട്ടി തുറന്നു പരിശോധിച്ചപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു.
