ധാക്ക: പെട്രോൾ പമ്പിൽനിന്ന് ഇന്ധനം അടിച്ച ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ചവരെ തടഞ്ഞ യുവാവിനെ കാർ കയറ്റി കൊന്നു. ബംഗ്ലാദേശിലെ രാജ്ബാഡി ജില്ലയിലാണ് സംഭവം. 30കാരനായ റിപോൺ സാഹയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ 4.30-ഓടെയാണ് സംഭവം. 3710 രൂപയ്ക്ക് ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഇവർ പോകാൻ ശ്രമിച്ചപ്പോൾ സാഹ വണ്ടിക്ക് മുന്നിൽ കയറി നിന്ന് വാഹനം തടയുകയായിരുന്നു. എന്നാല്‍ കാര്‍ യുവാവിന് ദേഹത്തിലൂടെ കയറ്റി ഓടിച്ചുപോവുകയായിരുന്നു. സാഹ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ വാഹനം പൊലീസ് കസ്റ്റഡിയിലെടു്തു. വണ്ടിയുടമ അബ്ദുൾ ഹാഷിം (55), ഡ്രൈവർ കമാൽ ഹുസൈൻ (43) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) രാജ്ബാഡി ജില്ലാ മുൻട്രഷററാണ് ഹാഷിം.
