രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ 7 വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച 30കാരനായ പ്രതിക്കു വധശിക്ഷ. മധ്യപ്രദേശ് സ്വദേശിയായ പ്രതിക്ക് അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. രാജ്കോട്ടിലെ അറ്റ്കോട്ട് താലൂക്കിലെ ഗ്രാമത്തിലാണ് 7 വയസ്സുള്ള പെൺകുട്ടി 2025 ഡിസംബർ 4 നാണ് ക്രൂരമായ പീഡനത്തിനു ഇരയായത്.
മാതാപിതാക്കൾ വയലിൽ ജോലി ചെയ്യുമ്പോൾ പ്രതിയായ രാംസിങ് തെർസിങ് ദുദ്‌വ പെൺകുട്ടിയെ തട്ടിയെടുത്തു ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
അന്വേഷണത്തിൽ കുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ രാംസിങ്ങിനെ ഡിസംബർ 8 ന് പിടികൂടി. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 11 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
തുടർന്നു രാജ്കോട്ടിലെ പ്രത്യേക പോക്സോ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു. 2026 ജനുവരി 12 കോടതി രാംസിങ് കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ജനുവരി 17 വധശിക്ഷ വിധിക്കുകയും ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളോട് ഗുജറാത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നു വിധിയെ ഉദ്ധരിച്ചുകൊണ്ടു ഉപമുഖ്യമന്ത്രി ഹർഷ് സംഘ്‌വി പറഞ്ഞു.
ജോലി അന്വേഷിച്ചാണ് പ്രതി മധ്യപ്രദേശിൽനിന്നും രണ്ടു വർഷം മുൻപ് ഗുജറാത്തിലെത്തിയത്. ഇയാൾക്കു 12 വയസ്സുള്ള ഒരു പെൺകുട്ടിയും രണ്ടു വയസ്സുള്ള ആൺകുട്ടിയുമുണ്ടെന്നു പൊലീസ് പറഞ്ഞു.
