ബിഹാറിലെ സീതാമർഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദാരുണമായ റോഡപകടം നടന്നതിന് പിന്നാലെ മരണപ്പെട്ട കുട്ടിയുടെ മൃതദേഹം റോഡരികിൽ കിടക്കുമ്പോഴാണ് നാട്ടുകാരായ ആളുകൾ അപകടത്തിൽ പെട്ട ട്രക്കിൽ നിന്നും മത്സ്യം ശേഖരിക്കാൻ ഓടിക്കൂടിയത്. പുപ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജാജിഹട്ട് ഗ്രാമത്തിനടുത്ത് വച്ചാണ് സംഭവം നടന്നത്.
ഏഴാം ക്ലാസ് വിദ്യാർഥിയായ ഗോലു എന്ന റിതേഷ് കുമാർ രാവിലെ കോച്ചിംഗ് ക്ലാസിന് പോകുന്ന വഴി അമിതവേഗതയിലെത്തിയ പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൻ്റെ ആഘാതത്തിൽ കുട്ടി തൽക്ഷണം മരിച്ചു. താമസിയാതെ തന്നെ കുട്ടിയുടെ കുടുംബം സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാൽ, ഇത്രയും ദാരുണമായ അപകടം നടക്കുകയും കുട്ടി അപകടത്തിൽ മരിക്കുകയും ചെയ്തിട്ടും ഇതൊന്നും കൂസാതെ അപകടത്തിൽ പെട്ട പിക്കപ്പ് ട്രക്കിൽ നിന്നും തെറിച്ചു വീണ മത്സ്യം പെറുക്കുന്ന തിരക്കിലായിരുന്നു അവിടുത്ത ചില നാട്ടുകാർ.
എന്തെങ്കിലും സഹായം വാഗ്ദാനം ചെയ്യാനോ ആംബുലൻസ് വിളിക്കുവാനോ പൊലീസിനെ ബന്ധപ്പെടുവാനോ പോലും ഇവർ തയ്യാറായിരുന്നില്ല. ആൺകുട്ടിയുടെ മൃതദേഹം റോഡ്സൈഡിൽ കിടക്കുന്ന സമയത്ത് കൂടകളിലും മറ്റുമായി ചിതറിവീണ മത്സ്യം ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയാണ് ആളുകൾ ചെയ്തത്.
തുടർന്ന് അപകടത്തെക്കുറിച്ച് അറിഞ്ഞെത്തിയ പുപ്രി സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചത്. പിന്നീട് റിതേഷിൻ്റെ മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അപകടത്തിൽ ഉൾപ്പെട്ട പിക്കപ്പ് ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിഷയത്തിൽ ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
