കോൺഗ്രസ് സ്ഥാനാർഥി നിർണയ നടപടികൾ വേഗത്തിലാക്കും; തിരഞ്ഞെടുപ്പു സമിതി വൈകാതെ, രാഹുൽ ഗാന്ധി കേരളത്തിലേക്ക്

0
35

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയ നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന നേതൃത്വവുമായി സ്ക്രീനിങ് കമ്മിറ്റി നടത്തിയ ചർച്ചയിൽ ധാരണയായി. 23 ലെ ഡൽഹി ചർച്ചകൾക്കു ശേഷം സ്ക്രീനിങ് കമ്മിറ്റി വീണ്ടും കേരളത്തിലെത്തും.

അതോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ചേരും. എംപിമാർ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം എഐസിസി കൈക്കൊള്ളുമെന്ന് സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി നേതാക്കളെ അറിയിച്ചു. എംപിമാർ മത്സരിക്കുന്നതിനെ  ഭൂരിപക്ഷം നേതാക്കളും അനുകൂലിക്കുന്നില്ല. 

സംവരണ സീറ്റുകളിലെയും സിറ്റിങ് സീറ്റുകളിലെയും സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിക്കും. കഴിഞ്ഞ തവണ ചെറിയ മാർജിനു തോറ്റ സീറ്റുകൾ, ദീ‍ർഘകാലമായി കോൺഗ്രസ് തോറ്റു കൊണ്ടിരിക്കുന്ന സീറ്റുകൾ തുടങ്ങി തരം തിരിച്ചുള്ള സ്ഥാനാർഥി നിർണയം പാർട്ടി ആലോചിക്കുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിയുമായി മിസ്ത്രി വിശദമായ പ്രത്യേക ചർച്ച നടത്തി.

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികളെ അഭിനന്ദിക്കാനും അഭിസംബോധന ചെയ്യാനും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തുന്ന ‘വിജയോത്സവം’ 19നു രണ്ടിനു മറൈൻ ഡ്രൈവിൽ. വിജയിച്ചവരും പരാജയപ്പെട്ടവരുമായ മുഴുവൻ സ്ഥാനാർഥികളെയും പങ്കെടുപ്പിക്കുന്ന പരിപാടിയിൽ ആയിരങ്ങളെത്തും.

ഒരുക്കങ്ങൾ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന നേതൃയോഗം വിലയിരുത്തി. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും ഏകാധിപത്യ ഭരണത്തിനും എതിരെ ജനങ്ങളുടെ പ്രതികരണം നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തമായി പ്രതിഫലിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.