ദുബായ്/ന്യൂഡൽഹി: ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമപാത അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ വിമാന സർവീസുകൾ താളംതെറ്റുന്നു. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പോകുന്ന വിമാനങ്ങളെയാണ് ഈ പ്രതിസന്ധി പ്രധാനമായും ബാധിക്കുന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാൻ വഴി പറക്കേണ്ട വിമാനങ്ങൾ മറ്റിടങ്ങളിലൂടെ വഴിതിരിച്ചുവിടാൻ നിർബന്ധിതരായതോടെ വിമാനയാത്രക്കാർക്ക് മണിക്കൂറുകളോളം അധികയാത്രയും കാലതാമസവും നേരിടേണ്ടി വരും.
∙പ്രമുഖ വിമാനക്കമ്പനികൾ സർവീസ് മാറ്റി
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ഇതിനോടകം തന്നെ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാൻ വ്യോമപാതയ്ക്ക് പകരം ബദൽ വഴികൾ തേടുന്നത് വിമാനങ്ങൾ വൈകാൻ കാരണമാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വഴിതിരിച്ചുവിടാൻ സാധിക്കാത്ത ചില സർവീസുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനത്തിന്റെ നിലവിലെ സ്ഥിതി (ഫ്ലൈറ്റ് സ്റ്റാറ്റസ്) പരിശോധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
യാത്രക്കാർക്ക് തിരിച്ചടി പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഇൻഡിഗോ വിമാനങ്ങളും പ്രതിസന്ധിയിലാണ്. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ റീബുക്കിങ് ഓപ്ഷനുകളും റീഫണ്ട് സൗകര്യവും നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ടെങ്കിലും, അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കുന്ന ഗൾഫ് പ്രവാസികൾക്ക് ഈ അനിശ്ചിതത്വം വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. സ്പൈസ് ജെറ്റും തങ്ങളുടെ ഹെൽപ്‌ലൈൻ നമ്പറുകൾ വഴി യാത്രക്കാർക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
