ഷെയ്ഖ്പുര: പാക്കിസ്ഥാനിലുള്ള ഇന്ത്യൻ വനിതയുടേതെന്ന പേരിൽ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ സിഖ് തീർഥാടക സംഘത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലേക്ക് പോയ സരബ്ജീത് കൗറിന്റേതെന്ന് കരുതപ്പെടുന്ന ഓഡിയോ ക്ലിപ്പാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്.
തീർഥാടനത്തിന് പോയ സരബ്ജീത് കൗറിനെ പാക്കിസ്ഥാനിൽ വെച്ച് കാണാതായി. പിന്നീട് സരബ്ജീത് മതം മാറുകയും പാക്ക് പൗരനെ വിവാഹം കഴിച്ച് അവിടെ താമസം ആരംഭിച്ചു എന്നുമാണ് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യയിലുള്ള ഭർത്താവുമായി സരബ്ജീത് കൗർ സംസാരിക്കുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഇവിടെ അവസ്ഥ അത്ര നല്ലതല്ല. തനിക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്നും സരബ്ജീത് കൗർ പറയുന്നു. തനിക്ക് തെറ്റ് പറ്റി. ഇവിടെ ഒട്ടും സന്തോഷമില്ല. തനിക്ക് തന്റെ കുട്ടികളുടെ കൂടെ ജീവിക്കണം. ഇവിടെ ധരിക്കാൻ നല്ല വസ്ത്രം പോലുമില്ല.
തിരികെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണം. ഇവിടെ നിരന്തരമായി ഉപദ്രവിക്കപ്പെടുകയും പരിഹസിക്കപ്പെടുകയാണെന്നും സരബ്ജീത് പറയുന്നതും ക്ലിപ്പിലുണ്ട്.
ഇത് കേൾക്കുന്ന ഭർത്താവ് സരബ്ജീത്തിനെ ആശ്വസിപ്പിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് മടങ്ങാൻ നങ്കാന സാഹിബ് ഗുരുദ്വാരയിലെ അധികൃതരുടെ സഹായം തേടാനാണ് അദ്ദേഹം സരബ്ജീത്തിനോട് നിർദേശിച്ചത്.
..
