റിയാദ്: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സഊദി എയര്ലൈന്ലൈന്സ് വീണ്ടും കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി ഒന്നു മുതലാണ് സൗദിയ റിയാദില്‍ നിന്നും കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതോടെ പ്രവാസികള്‍ ഏറെ ആഹ്ലാദത്തിലാണ്.
2020 ല്‍ ഉണ്ടായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന നാപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ചെറിയ വിമാനം ഉപയോഗിച്ചാണ് സര്‍വീസ് തുടങ്ങുന്നത്. 168 ഇക്കോണമി സീറ്റുകളും 20 ബിസിനസ് സീറ്റുകളും ഉള്ള നിയോ 321 വിമാനമാണ് സര്‍വീസ് നടത്തുക. പുലര്‍ച്ചെ 1.20 ന് റിയാദില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.30 ന് കരിപ്പൂരില്‍ ഇറങ്ങും. 9.45 ന് തിരിച്ച് റിയാദിലേക്ക് മടങ്ങും. മാര്‍ച്ച് 14 വരെ ആഴ്ചയില്‍ നാല് സര്‍വീസും പിന്നീട് ആറ് സര്‍വീസും ഉണ്ടാകും. സഊദിയുടെ എല്ലാ നഗരങ്ങളില്‍ നിന്നും റിയാദ് വഴി കണക്ഷന് ഉണ്ടാകും. വൈകാതെ സഊദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് – ജിദ്ദ സര്‍വീസ് ആരംഭിക്കുമെന്ന് കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി ചെയര്മാന് ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി അറിയിച്ചു.
നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഫ്ലൈ നാസ് എന്നിവ റിയാദ് – കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗദി എയര്‍ലൈന്‍സിന്റെ വരവോടെ കിടമത്സരം വര്‍ധിച്ച് മിതമായ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്ന് മലബാര്‍ പ്രവാസികള്‍ പ്രതീക്ഷിക്കുന്നു. റംസാന് – പെരുന്നാള്‍ പ്രമാണിച്ച് നാട്ടില്‍ പോവാന്‍ പലരും സൗദി എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

സൗദി എയര്‍ലൈന്‍സിന് അനുമതി നല്‍കണമെന്ന് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി പല തവണ ആവശ്യപ്പെട്ടിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. കോട്ടക്കല്‍ മണ്ഡലം എം എല്‍ എ പ്രൊ. ആബിദ് ഹുസൈന് തങ്ങൾ റിയാദ് സന്ദര്‍ശിച്ചപ്പോള്‍ പ്രവാസികകള് അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ട് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നതായും ഇക്കാര്യം എം. പി മാരുടെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് എം എല്‍ എ പറഞ്ഞിരുന്നതായും അവര്‍ പറഞ്ഞു. ചെറിയ വിമാനമുപയോഗിച്ചാണെങ്കിലും സഊദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്കുള്ള സര്‍വീസ് തുടങ്ങുന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച അബ്ദുസ്സമദ് സമദാനി ഉള്‍പ്പടെയുള്ള യു ഡി എഫ് എം. പി മാരെ അഭിനന്ദിക്കുന്നതായും റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍, ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു.