സമഗ്ര വോട്ടർപട്ടിക: ആശങ്ക മാറാതെ പ്രവാസികൾ

0
91

മലപ്പുറം: സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചില നടപടികൾ ലഘൂകരിച്ചെങ്കിലും ആശങ്ക മാറാതെ പ്രവാസികൾ. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനു പൂരിപ്പിച്ചു നൽകേണ്ട ഫോം 6 എയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് പലരെയും ആശങ്കയിലാക്കുന്നത്. ഇതിൽ ജന്മസ്ഥലം പൂരിപ്പിച്ചു നൽകണം. നിലവിൽ ഇതിൽ ഇന്ത്യയിലെ സ്ഥലങ്ങൾ മാത്രമാണ് രേഖപ്പെടുത്താനാകുന്നത്.

വിദേശത്തു ജനിച്ച ലക്ഷക്കണക്കിനു പ്രവാസികൾ വോട്ടർ പട്ടികയിൽനിന്നു പുറത്താകാൻ ഇതു കാരണമാകുമെന്നാണ് ആശങ്ക. കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രവാസി സംഘടനകൾ വിഷയം ഉന്നയിച്ചിരുന്നു. ഇത് പരിഹരിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും അതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ വേണ്ടിവരും. എസ്ഐആറുമായി ബന്ധപ്പെട്ട ഹിയറിങ്ങിനു പ്രവാസികൾ നേരിട്ടു ഹാജരാകണമെന്നായിരുന്നു നേരത്തേയുള്ള നിബന്ധന.

എന്നാൽ, നേരിട്ട് ഹാജരാകാതെ രേഖകൾ നൽകി പരിശോധന പൂർത്തിയാക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചിരുന്നു. രേഖകൾ തൃപ്തികരമെങ്കിൽ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്കും അസി.ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്കും ഉടൻ നടപടി പൂർത്തിയാക്കാനുള്ള സംവിധാനം നിലവിൽ വരികയും ചെയ്തു.

ഈ മാറ്റം പ്രാവർത്തികമായത് പ്രവാസികൾക്കു വലിയ ആശ്വാസമാണ്. അല്ലാത്തപക്ഷം, ഹിയറിങ്ങിനു മാത്രമായി പ്രവാസികൾ നാട്ടിലെത്തേണ്ട സ്ഥിതിയായിരുന്നു. അതിനു കഴിയാത്തവർ പുറത്താകുകയും ചെയ്യുമായിരുന്നു. കെഎംസിസിയും പ്രവാസി കോൺഗ്രസുമുൾപ്പെടുന്ന സംഘടനകൾ, പ്രവാസികളെ വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും എസ്ഐആറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പ്രത്യേക ക്യാംപുകൾ നടത്തിവരികയാണ്.

വിദേശത്തു ജനിച്ചവർക്കു ജന്മസ്ഥലം രേഖപ്പെടുത്താനുള്ള സംവിധാനം ഫോം 6 എയിൽ നൽകിയില്ലെങ്കിൽ പുതുതലമുറ പ്രവാസികളിൽ അഞ്ചു ലക്ഷം പേർക്കെങ്കിലും വോട്ടവകാശം ലഭിക്കാതെ വരുമെന്നാണ് സംഘടനകൾ പങ്കുവയ്ക്കുന്ന ആശങ്ക. ഇക്കാര്യത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ. അടുത്ത മാസം 21ന് ആണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പുറത്തുവരുന്നത്.