ജയിലില്‍ രാഹുലിന് ഇനി പുതിയ മേല്‍വിലാസം; സ്ഥിരംകുറ്റവാളിയെന്ന് പോലീസ്

0
18

തുടര്‍ച്ചയായ ലൈംഗിക പീഡന പരാതികള്‍ക്ക് ഒടുവില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍. വിദേശത്തുള്ള യുവതിയെ പീഡിപ്പിച്ചെന്ന കുറ്റത്തിന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത രാഹുലിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. പരാതി തള്ളിയ രാഹുല്‍ പരസ്പരസമ്മത പ്രകാരമുള്ള ശാരീരിക ബന്ധമെന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കി. എന്നാല്‍ രാഹുല്‍ സ്ഥിരംകുറ്റവാളിയെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചാണ് റിമാന്‍ഡ് ചെയ്തത്. 

പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറയും പോലെ മൂന്നാം കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളിലായി. ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പിടികൂടിയ രാഹുല്‍ ഇന്ന് മാവേലിക്കര ജയിലില്‍ അന്തിയുറങ്ങണം.  26/2026 എന്ന ജയില്‍ നമ്പര്‍ മേല്‍വിലാസത്തില്‍. 

വിദേശത്ത് ജോലി ചെയ്യുന്ന വിവാഹിതയുടെ പരാതിയാണ് കുരുക്കായത്. വിവാഹ ബന്ധത്തില്‍ തകര്‍ച്ച നേരിട്ട യുവതിയെ വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞാണ് രാഹുല്‍ വരുതിയിലാക്കിയത്. ഇക്കാര്യം സംസാരിക്കാനെന്ന പേരില്‍ 2024 ഏപ്രില്‍ 8ന് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ബലാല്‍സംഗം ചെയ്തു. എതിര്‍ത്തപ്പോള്‍ കൈകൊണ്ട് മുഖത്തടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നും പരാതിയിലുണ്ട്. ബലാല്‍സംഗം, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പൊലീസ് ഇന്നലെ അര്‍ധരാത്രി പാലക്കാട് ഹോട്ടലിലെത്തി കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തിച്ച് എസ്.പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന രാഹുല്‍ പരാതിക്കാരിയുമായുള്ളത് പരസ്പരസമ്മതപ്രകാരമുള്ള ബന്ധമെന്ന് മൊഴി നല്‍കി. എന്നാല്‍ രാഹുല്‍ സ്ഥിരം കുറ്റവാളിയെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒട്ടേറെ വീട്ടമ്മമാരെയും യുവതികളെയും വിവാഹവാഗ്ദാനം നല്‍കി ദുരുപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

പരാതിക്കാരിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുണ്ടെന്നും ജാമ്യം കൊടുത്താല്‍ അതിജീവിതമാരെ ഭീഷണിപ്പെടുത്തുകയും സൈബര്‍ ആക്രമണത്തിന് ഇരയാക്കുമെന്നുമുള്ള വാദം അംഗീകരിച്ച കോടതി റിമാന്‍ഡ് ചെയ്തു. വൈദ്യപരിശോധനക്കും ജയിലിലേക്കുമുള്ള വഴിയില്‍ ഡി.വൈ.എഫ്.ഐയുടെയും യുവമോര്‍ച്ചയുടെയും കടുത്ത പ്രതിഷേധവും രാഹുലിന് നേരിടേണ്ടിവന്നു.

രാഹുലിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. പക്ഷെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ ആവശ്യം നിലനില്‍ക്കുന്നതിനാല്‍ ജാമ്യം ലഭിച്ചേക്കില്ല. അങ്ങിനെയെങ്കില്‍ ആദ്യ രണ്ട് കേസില്‍ ജയിലില്‍ കിടക്കാതെ രക്ഷപെട്ട രാഹുല്‍ ഈ കേസില്‍ കുറച്ച് ദിവസം അഴിക്കുള്ളില്‍ കിടക്കേണ്ടിവരും.