റിയാദ്: ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയതക്കുമെതിരെയുള്ള മതേതര കേരളത്തിന്റെ വിധിയെഴുത്ത് ആണെന്ന് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയെയും മുസ്ലിം സമുദായത്തെയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശനെ പൂര്‍ണ്ണ പിന്തുണ നല്കി പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രിയെ ഭൂരിപക്ഷ – ന്യൂനപക്ഷ സമുദായങ്ങള്‍ കൈവിട്ടത് കേരള സമൂഹത്തിന്റെ പ്രബുദ്ധതയാണ് കാണിക്കുന്നത്. ജനവിധി മാനിച്ച് പിണറായി സര്‍ക്കാര്‍ രാജി വെക്കാന്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട റിയാദ് – മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ടിനെ യോഗം അഭിനന്ദിച്ചു. ഈ സ്ഥാന ലബ്ധി മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകര്‍ക്കും അഭിമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കോട്ടക്കല്‍ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫ് ഭരണം വരാന്‍ സഹായിച്ച വോട്ടര്‍മാരെ യോഗം അഭിനന്ദിച്ചു.
വരുന്ന റംസാനില്‍ റമദാനില്‍ മുന്‍ വര്‍ഷം നടത്തിയ പോലെ കോട്ടക്കല്‍ മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം സംഘടിക്കാന്‍ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കും. അത് പോലെ മണ്ഡലത്തിലെ കെ എം സി സി മെമ്പര്‍മാരെ പങ്കെടുപ്പിച്ച് ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കാനും തീരുമാനിച്ചു. മണ്ഡലത്തിലെ സി. എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ എന്നിവക്ക് സാമ്പത്തിക സഹായം നല്‍കാനും യോഗം തീരുമാനിച്ചു.
മലബാര്‍ പ്രവാസികളുടെ വലിയ ആവശ്യമായിരുന്ന സൗദി എയര്‍ലൈന്‍സ് കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കാന്‍ പരിശ്രമിച്ച എം. പി മാരായ അബ്ദുസ്സമദ് സമദാനി, ഇ. ടി മുഹമ്മദ് ബഷീര്‍, എം. കെ രാഘവന് എന്നിവരെ യോഗം അഭിനന്ദിച്ചു. ഇക്കാര്യത്തില്‍ കോട്ടക്കല്‍ മണ്ഡലം കെ എം സി സി നടത്തിയ പരിശ്രമങ്ങള്‍ വിജയിച്ചതില്‍ യോഗം സന്തോഷം രേഖപ്പെടുത്തി.
ബത്ഹയില്‍ വെച്ച് നടന്ന യോഗത്തില്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ചെയര്മാന് അബൂബക്കര്‍ സി. കെ പാറ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ കൊന്നക്കാട്ടില്‍, മൊയ്തീന് കുട്ടി പൂവാട്, ഹാഷിം കുറ്റിപ്പുറം, ഇസ്മായില്‍ പൊന്മള, മൊയ്തീന് കോട്ടക്കല്‍, ദിലൈപ് ചാപ്പനങ്ങാടി, റഷീദ് അത്തിപ്പറ്റ, ഗഫൂര്‍ കോല്‍ക്കളം, ജംഷീദ് കൊടുമുടി, ഫര്ഹാന് കാടാമ്പുഴ, മുഹമ്മദ് കല്ലിങ്ങല്‍, യൂനുസ് ചേങ്ങോട്ടൂര്‍, ഹമീദ് ഇന്ത്യനൂര്‍ തുടങ്ങിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും സെക്രട്ടറി നൗഷാദ് കണിയേരി നന്ദിയും പറഞ്ഞു.