പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത്. ക്രൂരമായ ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്.
രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും, സാമ്പത്തിക ചൂഷണവും നടത്തിയെന്നാണ് പരാതി. ഇ-മെയിലിൽ ലഭിച്ച പരാതിയിൽ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പഴുതടച്ച നീക്കത്തിലൂടെ രാഹുൽ മാങ്കൂട്ടത്തലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ഗർഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നുമാണ് മൊഴി. പക്ഷെ, ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ല. ഇതിനുള്ള തെളിവുകൾ തന്‍റെ പക്കൽ ഉണ്ടെന്നും പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി.
വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ സാമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് താനുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാഹുൽ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.
‘തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാം എന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകൻ ആയതിനാൽ പൊതുവിടത്തിൽ കാണാൻ ആകില്ലെന്ന് പറഞ്ഞു.
ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയുന്നതിന് മുമ്പേ തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി പൊലീസിന് മൊഴി നൽകി.
