റിയാദ്: താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ബാലരാമപുരം സ്വദേശി അനുരാഗ് എസ്.ജി(40)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. താന്നിമൂട് അവണകുഴി കൊല്ലം വിളാകം എസ്.ജി. നിവാസിൽ പരേതരായ ശശിധരൻ-ഗിരിജാ ദേവി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ ഏഴ് വർഷമായി ദവാദ്മിയിൽ ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന അനുരാഗിന് താമസ സ്ഥലത്ത് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ദവാദ്മി ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനുരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കേളി കലാ സാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും കേളി ഏരിയാ കമ്മറ്റിയും ചേർന്നാണ് പൂർത്തീകരിച്ചത്. അനുരാഗിന്റെ സഹപ്രവർത്തകരുടെയും മറ്റു സുഹൃത്തുക്കളുടെയും സഹകരണത്തോടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം വഴി മൃതദേഹം വിമാനത്താവളത്തിൽ നിന്നും വീട്ടിലെത്തിച്ചു. ഭാര്യ: രമ്യ. മക്കൾ: ആദിത്യൻ, അനാമിക.
