പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര സന്നദ്ധത അറിയിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം ഉണ്ടാവുമെന്ന സൂചനകൾക്കിടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
പാലക്കാട് കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഏറെ സന്തോഷമാണ്. ബിജെപി ശക്തി തെളിയിക്കാനാകുമോ എന്ന് സുരേന്ദ്രൻ കാണിക്കട്ടെ. സുരേന്ദ്രൻ മത്സരിച്ചാൽ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കേരളം നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക്
സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം കേരളത്തിലെത്തും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറും, കമ്മീഷണർമാരും സംസ്ഥാനത്തെ ഒരുക്കങ്ങൾ വിലയിരുത്തും.
ഏപ്രിൽ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത വിലയിരുത്തും. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ആലോചന. അതേ സമയം അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിയന്തര നടപടികൾക്ക് സർക്കാർ തീരുമാനമെടുത്തു. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കും.
..
