തിരുവനന്തപുരം കോര്‍പറേഷനില്‍ താനായിരുന്നു മേയര്‍ സ്ഥാനാര്‍ഥിയെന്ന് പറഞ്ഞ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ മുന്‍ ഡി.ജി.പിയും കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ ഒടുവില്‍ മലക്കം മറിഞ്ഞു.
മേയര്‍ സ്ഥാനം കിട്ടാത്തതില്‍ ഒരു അതൃപ്തിയും ഇല്ലെന്നു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തന്റെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പറഞ്ഞതില്‍ ചില ഭാഗങ്ങള്‍ മാത്രമാണ് കാണിച്ചത്. ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നെന്നും ശ്രീലേഖ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ!
ഇന്ന് എന്നെ ഓഫീസിൽ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് harass ചെയ്ത മുഖ്യധാരാ മാധ്യമങ്ങൾ ചിലർ edit ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു… വിവാദങ്ങൾ വെറുതെ വിറ്റ് ‘കാശ്’ (rating) ആക്കാൻ! ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നു!
ഹാ കഷ്ടം!
ആവർത്തിച്ചു പറയുന്നു- മാപ്രകൾ എന്ത് കള്ളം പറഞ്ഞാലും,
എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല.
മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം!
രാവിലെ പറഞ്ഞത്
തിരുവനന്തപുരം കോര്‍പറേഷനില്‍ താനായിരുന്നു മേയര്‍ സ്ഥാനാര്‍ഥി. അവസാന നിമിഷം എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് മാറിയ. നീരസം കൊണ്ടല്ല പ്രതികരണമെന്ന് പിന്നീട് പറഞ്ഞ ശ്രീലേഖ, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത് നേതൃത്വത്തെ കൂടുതല്‍ പരുങ്ങലിലാക്കി
മേയര്‍സ്ഥാന നഷ്ടത്തിലെ ഈ പ്രതികരണം വിവാദമായതോടെ ആര്‍.ശ്രീലേഖ കൂടുതല്‍ വ്യക്തത വരുത്തി. അതുപക്ഷേ നേതൃത്വത്തെ കൂടുതല്‍ പരുങ്ങലലിലാക്കുന്നതായിയെന്നതാണ് പ്രത്യേകത.
പാര്‍ട്ടി തീരുമാനം പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ശ്രീലേഖ, രാഷ്ട്രീയക്കാര്‍ക്ക് ചേരാത്ത സത്യസന്ധത തനിക്കുണ്ടെന്നും അതുകൊണ്ടാണ് സത്യം തുറന്നുപറഞ്ഞതെന്നും വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ആലോചനകള്‍ നടക്കവേ, അക്കാര്യത്തിലും ശ്രീലേഖ നിലപാട് വ്യക്തമാക്കി.
കൗണ്‍സിലറായി തൃപ്തയാണെന്നും നീരസം ഇല്ലെന്നും പറയുമ്പോഴും ഇനി മത്സരിക്കാനില്ലെന്ന ശ്രീലേഖയുടെ നിലപാട്, നേതൃത്വത്തിനുള്ള വ്യക്തമായ സന്ദേശമാണ്. ശ്രീലേഖയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയായിരിക്കെ, മേയര്‍ വി.വി.രാജേഷ് പതിവുപോലെ കൃത്യമായ അകലം പാലിച്ചു.
