വിധി ഒരു കുടുംബത്തിന്റെ ചിരിയും സ്വപ്നങ്ങളും പാതിവഴിയിൽ കവർന്നെടുത്തു; തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ആ മാതാപിതാക്കൾ പിഞ്ചോമനകളുടെ വേർപാട് ഇനിയും അറിഞ്ഞിട്ടില്ല

0
177

അബുദാബി: മണിക്കൂറുകൾക്ക് മുൻപ് കളിച്ച് ചിരിച്ച് ആഹ്ലാദത്തോടെ കൂടെയുണ്ടായിരുന്ന തങ്ങളുടെ മൂന്ന് പൊന്നോമനകൾ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാർഥ്യം പക്ഷേ, ഗുരുതര പരുക്കേറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ആ മാതാപിതാക്കൾ ഇനിയും അറിഞ്ഞിട്ടില്ല. 

അബുദാബ- ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിന്റെയും മക്കളായ അഷാസ്, അമ്മാർ, അയാഷ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം നിഴലുപോലെ കൂടെയുണ്ടായിരുന്ന വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്റയും വിടപറഞ്ഞു. 

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും മക്കളായ ഇസ്സ, അസാം എന്നിവരും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരുക്കേറ്റ മറ്റൊരു മകൻ അപകടനില തരണം ചെയ്തുവെന്ന വാർത്ത മാത്രമാണ് ഈ വലിയ ദുരന്തത്തിനിടയിലെ ഏക ആശ്വാസം. 

ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവലിലെ ആവേശക്കാഴ്ചകൾ കണ്ടു മടങ്ങുകയായിരുന്നു. പുലർച്ചെ നാലിനും അഞ്ചിനുമിടയിലുള്ള ആ നിശ്ശബ്ദ യാമത്തിലാണ് മരണം പാഞ്ഞെത്തിയതെന്ന് കരുതുന്നു. യാത്രയ്ക്കിടയിൽ അബ്ദുൽ ലത്തീഫിന് ക്ഷീണം അനുഭവപ്പെട്ടപ്പോൾ റുക്സാനയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് കരുതുന്നത്. നിയന്ത്രണം വിട്ട വാഹനം റോഡിലെ ഡിവൈഡറിലിടിച്ച് തകർന്നപ്പോൾ മൂന്ന് കുരുന്നുകളുടെയും ബുഷ്റയുടെയും ജീവൻ സംഭവസ്ഥലത്ത് തന്നെ പൊലിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ബനിയാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രിയപ്പെട്ട പിഞ്ചോമനകളെ ദുബായിൽ തന്നെ കബറടക്കാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്. എങ്കിലും ലണ്ടനിൽ കഴിയുന്ന റുക്സാനയുടെ സഹോദരൻ എത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. ബുഷ്റയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ അറിയിച്ചു.
….