മെട്രോയിൽ യാത്രക്കാരെ വലയം ചെയ്ത് യുവതികൾ; പിടിയിലായത് 67 സ്ത്രീകള്‍

0
182

ന്യൂഡൽഹി: ഡൽഹി മെട്രോയിലെ യാത്രക്കാരെ ലക്ഷ്യമിട്ട് മോഷണത്തിനിറങ്ങുന്ന നാലും അഞ്ചും പേരടങ്ങളുന്ന യുവതികളുടെ സംഘങ്ങളെ പിടികൂടാൻ പൊലീസ്. തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് യുവതികൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു.

22 വയസ്സ് വീതമുള്ള കോമൾ, നേഹ, യോഗിത എന്നിവർക്കും 45 വയസ്സുള്ള ഗീതയെന്ന സ്ത്രീക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. മെട്രോ ട്രെയിനിൽ നടന്ന മോഷണത്തിനു ഈ നാലുപേരെയും 2025 ഡിസംബറിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ച കുറ്റത്തിനായിരുന്നു അന്ന് യുവതികൾ പിടിയിലായത്.

ഡൽഹി മെട്രോയിൽ യുവതികളുടെ ഒട്ടേറെ സംഘങ്ങൾ മോഷണം ലക്ഷ്യമിട്ടു യാത്ര ചെയ്യുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. സമാനകുറ്റകൃത്യത്തിനു 2025 ഓഗസ്റ്റിൽ 22 വയസ്സ് വീതമുള്ള സഞ്‍ജന, സന്ധ്യ, ജാൻവി എന്നീ യുവതികളും ഇവർക്കു നേതൃത്വം നൽകുന്ന നാൽപതുകാരി ലക്ഷ്മിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. 13ഓളം മോഷണ കേസുകളിൽ പ്രതിയാണ് ലക്ഷ്മി.

മെട്രോയിൽ ഈ സംഘങ്ങളുടെ മോഷണരീതിയിലും സാമ്യമുണ്ട്. 4–5 പേരുടെ സംഘമായി എത്തുന്ന യുവതികൾ ലക്ഷ്യംവയ്ക്കുന്ന യാത്രക്കാരനെ മറ്റുള്ളവർ കാണാതെ വലയം ചെയ്തു നിൽക്കും. യാത്രക്കാരന്റെ ശ്രദ്ധ മാറുന്ന സമയം പോക്കറ്റിൽനിന്നു പഴ്സ് അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവരുകയും ചെയ്യും. നാൽപതോളം മോഷണങ്ങളാണ് കഴിഞ്ഞ വർഷം ഡിസംബർ 11വരെ സംഭവിച്ചത്. അന്വേഷണത്തിൽ 67 സ്ത്രീകളെ പൊലീസ് അറസ്റ്റും ചെയ്തു.