കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഉദ്ഘാടനവേദിയില്‍ നിന്നു വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ. സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് ഉമാതോമസ് വക്കീല്‍ നോട്ടീസ് അയച്ചു.
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയില്‍ നിന്ന് ഉമാതോമസ് വീണത്. 2024 ഡിസംബര്‍ 29ന് ആയിരുന്നു പരിപാടി.
മൃദംഗ വിഷന്‍ ആന്‍ഡ് ഓസ്‌കര്‍ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകര്‍. നൃത്തപരിപാടിക്കായി 9 ലക്ഷം രൂപയ്ക്കാണ് സ്റ്റേഡിയം വാടയ്ക്ക് എടുത്തത്. 12,000 പേര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയത്തില്‍ പരിപാടി അനുവദിച്ചതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.
ഗാലറിയുടെ മുകളില്‍ താല്‍ക്കാലികമായി ഒരുക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. 10.5 മീറ്റര്‍ ഉയരവും കൈവരിയില്ലാത്തതുമായ വേദിയില്‍ നിന്നാണ് എംഎല്‍എ വീണത്. 50 സെന്റീമീറ്റര്‍ സ്ഥലമാണ് മുന്‍നിര സീറ്റിനുമുമ്പില്‍ ഉണ്ടായിരുന്നത്. ഇതിലൂടെ നടക്കുമ്പോഴാണ് ഉമാതോമസ് തലയടിച്ച് താഴോട്ടുവീണത്. ഒമ്പത് ദിവസത്തിന് ശേഷമാണ് ബോധം വീണ്ടെടുക്കാനായതെന്നും സ്വതന്ത്രമായി നടക്കാന്‍ മാസങ്ങള്‍ എടുത്തുവെന്നും ഉമാതോമസ് പറയുന്നു. ആരോഗ്യം ഇപ്പോഴും പൂര്‍ണമായി വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. അപകടത്തിന്റെ ആഘാതം തുടരുകയാണെന്നും ഉമാതോമസ് വ്യക്തമാക്കുന്നു.
സ്റ്റേഡിയം വാടകയ്ക്ക് കൊടുക്കുമ്പോള്‍ അവിടെ എത്തുന്നവര്‍ സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പാക്കാന്‍ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്. അരലക്ഷത്തോളം ആളുകള്‍ ഒത്തുകൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ വിശ്വസിക്കാനാകൂ.
ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങള്‍ക്കടക്കം നഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയതും. അതിനാലാണ് രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും എംഎല്‍എയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നു.
