പാരമ്പര്യത്തിന്റെ കരുത്ത് കുട്ടികൾക്ക് പകർന്നുനൽകി ഷെയ്ഖ് ഹംദാൻ

0
119

ദുബായ്: പഴമയുടെ തനിമയും പാരമ്പര്യത്തിന്റെ കരുത്തും വരുംതലമുറയ്ക്ക് പകർന്നുനൽകി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മക്കളായ ഷെയ്ഖയ്ക്കും റാഷിദിനുമൊപ്പം ഗമ്രാൻ ക്യാംപ് സന്ദർശിച്ച അദ്ദേഹം മരുഭൂമിയിലെ അതിജീവനത്തിന്റെയും അറബ് പാരമ്പര്യത്തിന്റെയും പാഠങ്ങൾ അവർക്ക് നേരിട്ട് പകർന്നുനൽകി.

യുഎഇയുടെ സാംസ്കാരിക പൈതൃകം പുതിയ തലമുറയിലേക്ക് കൈമാറുന്നതിനായി ഒരുക്കിയ ഗമ്രാൻ ക്യാംപിൽ തികച്ചും ലളിതമായ ജീവിതശൈലിയാണ് പിന്തുടരുന്നത്. മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും മാറ്റിവച്ച് പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഈ അന്തരീക്ഷത്തിൽ ഫാൽക്കൺ പക്ഷികളെ പരിശീലിപ്പിക്കുന്നത് എങ്ങനെയെന്നും ഈന്തപ്പനകൾ എങ്ങനെ പരിപാലിക്കണമെന്നും ഷെയ്ഖ് ഹംദാൻ മക്കളെ പഠിപ്പിച്ചു.

ഒട്ടകങ്ങളെ കെട്ടുന്ന രീതിയും വേട്ടയാടലും ഉൾപ്പെടെയുള്ള പരമ്പരാഗത വിദ്യകൾ മുതിർന്നവരിൽ നിന്ന് കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഈ ക്യാംപ് അവസരമൊരുക്കുന്നു. മാതാപിതാക്കളും മക്കളും ഒന്നിച്ചിരുന്ന് മൂല്യങ്ങൾ പങ്കുവയ്ക്കുന്ന ഇത്തരം അനുഭവങ്ങൾ കുട്ടികളുടെ മനസ്സിൽ സ്വത്വബോധം ഉറപ്പിക്കാൻ സഹായിക്കുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. അനുഭവിച്ചറിയുന്ന സ്വത്വമാണ് എന്നെന്നും നിലനിൽക്കുന്നതെന്നും പ്രായോഗികമായി പകർന്നുനൽകുന്ന മൂല്യങ്ങളാണ് വരുംതലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പാരമ്പര്യത്തിന്റെ തനിമയും ഭാവിയെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളും തമ്മിലുള്ള മനോഹരമായ സന്തുലിതാവസ്ഥയാണ് ഗമ്രാൻ ക്യാംപ് പ്രതിനിധീകരിക്കുന്നത്. യുഎഇയുടെ വേരുകൾ മറക്കാതെ തന്നെ ആധുനികതയിലേക്ക് കുതിക്കാനുള്ള ഊർജ്ജമാണ് ഇത്തരം പരിപാടികളിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. ഷെയ്ഖ് ഹംദാൻ മക്കൾക്കൊപ്പം സമയം ചെലവിടുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.