പ്രാർഥനകൾ വിഫലമായി; നാടിനെ കണ്ണീരിലാഴ്ത്തി സുഹാൻ, കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

0
141

ചിറ്റൂർ: ഒരു നാടിന്റെ തിരച്ചിലും പ്രാർഥനയും വിഫലമാക്കി സുഹാൻ. ശനിയാഴ്ച കാണാതായ ആറു വയസ്സുകാരന്റെ  മൃതദേഹം വീടിനു 800 മീറ്റർ അകലെയുള്ള കുളത്തിൽനിന്നും ഞായറാഴ്ച രാവിലെ കണ്ടെത്തി. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ ആറു വയസ്സുകാരൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്.

പ്രദേശത്തെ കുളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതൽ പരിശോധന പുരോഗമിച്ചത്. കഴിഞ്ഞദിവസം ഡോഗ് സ്ക്വാഡ് സമീപത്തെ കുളവരമ്പു വരെ മണം പിടിച്ചു ചെന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുളങ്ങൾ കേന്ദ്രീകരിച്ചു പരിശോധിക്കാൻ തീരുമാനിച്ചത്. വീടിനു സമീപത്തായി അഞ്ചോളം ആമ്പൽ കുളങ്ങൾ ഉണ്ടായിരുന്നു. 

എന്നാൽ മൃതദേഹം കണ്ടെത്തിയത് 800 മീറ്ററോളം അകലെയുള്ള മറ്റൊരു കുളത്തിലാണ്. നാട്ടുകാർ കുളിക്കാനും വസ്ത്രം അലക്കാനും ഉപയോഗിക്കുന്ന കുളമാണിത്. ഇവിടേയ്ക്ക് എങ്ങനെ സുഹാൻ എത്തി എന്നതും കണ്ടെത്തേണ്ടതുണ്ട്.