രാജീവ് ചന്ദ്രശേഖർ നിശ്ചയിച്ചത് ശ്രീലേഖയെ; ആർഎസ്എസ് ഇടപെട്ടു: രാജേഷ് മേയറായി

0
127

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി ഭരണം കിട്ടിയ കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം കരുതിവച്ചിരുന്ന പേരിൽ അവസാന നിമിഷം മാറ്റം വന്നത് ആർഎസ്എസ് ഇടപെടൽ ഉണ്ടായതിനെ തുടർന്ന്.

മുൻ തീരുമാനവുമായി മുന്നോട്ടുപോയാൽ പാർട്ടി പ്രവർത്തകർക്കു നൽകുന്നത് തെറ്റായ സന്ദേശമായിരിക്കുമെന്ന് അമിത്ഷാ ഉൾപ്പെടെയുള്ളവരെ ആർഎസ്എസ് അറിയിച്ചതോടെയാണ് വി.വി.രാജേഷ് എന്ന പേരിലേക്ക് ദേശീയ നേതൃത്വം എത്തിയത്. സമരങ്ങൾക്കു നേതൃത്വം കൊടുക്കുകയും മുൻനിരയിൽ നിന്നു പ്രവർത്തിക്കുകയും ചെയ്തയാളിനോടാണു പ്രവർത്തകർക്ക് താൽപര്യം എന്ന സന്ദേശമാണ് കൈമാറിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് അരികെ നിൽക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ വഴക്കമുള്ളയാളെ മേയറാക്കിയില്ലെങ്കിൽ, പ്രതീക്ഷയുള്ള തിരുവനന്തപുരത്തെ 4 മണ്ഡലങ്ങളിലും പ്രവർത്തകരുടെ ആവേശത്തെ ബാധിക്കുമെന്ന സന്ദേശം വി.മുരളീധരനും കെ.സുരേന്ദ്രനും ദേശീയ നേതൃത്വത്തിനു നൽകുകയും ചെയ്തു. വി.വി.രാജേഷിന്റെയും ആർ.ശ്രീലേഖയുടെയും പേരാണ് ആദ്യം മുതൽ ഉയർന്നതെങ്കിലും 24നാണ് വി.വി.രാജേഷിനെതിരെ സംസ്ഥാന നേതാക്കളിൽ ചിലർ നീങ്ങുന്ന വിവരം പുറത്തുവരുന്നത്.

50 കൗൺസിലർമാരുടെയും അഭിപ്രായം തേടിയ ശേഷമാകും അന്തിമ തീരുമാനമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്, വൈസ് പ്രസിഡന്റ് കെ.സോമൻ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരുടെ സമിതിയെ കൗൺസിലർമാരുടെ അഭിപ്രായം തേടാൻ നിയോഗിച്ചു. ‘സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ മനസ്സിൽ ഒരു പേരുണ്ട്. ആ പേരിന് നിങ്ങൾ പൂർണ പിന്തുണ നൽകുമോ’ എന്നായിരുന്നു കൗൺസിലർമാരോട് ചോദിച്ചത്. ഇൗ അഭിപ്രായം തേടലിൽ അപകടം മണത്ത ചില കൗൺസിലർമാർ ആർഎസ്എസ് നേതൃത്വത്തെ വിവരമറിയിച്ചു.