മുറിക്കുള്ളിൽ പുക ശ്വസിച്ച് അഞ്ചുപേർക്ക് ശ്വാസംമുട്ടൽ: രക്ഷകനായി പോലീസ്

0
92

അബുദാബി: കൊടും തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിക്കുള്ളിൽ ചാർക്കോളും (കരിക്കട്ട) വിറകും കത്തിച്ചതിനെത്തുടർന്നുണ്ടായ പുക ശ്വസിച്ച് അബുദാബിയിൽ അഞ്ചുപേർക്ക് ശ്വാസംമുട്ടൽ. അബുദാബി പൊലീസിന്റെ തക്ക സമയത്തെ ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവായി. ആപൽഘട്ടത്തിൽ ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചതിനാൽ ആരുടെയും ജീവൻ നഷ്ടപ്പെട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

അടച്ചിട്ട മുറികളിൽ പാരമ്പര്യ രീതിയിൽ തീയുണ്ടാക്കി ചൂടുപകരാൻ ശ്രമിക്കുന്നത് അപകടകരമാണെന്നും വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കണമെന്നും ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു. തണുപ്പ് കൂടുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്നുള്ള പ്രവൃത്തികൾ അപകടം ക്ഷണിച്ചുവരുത്തുമെന്ന്  മുന്നറിയിപ്പ് നൽകി. എന്നാൽ ശ്വാസം മുട്ടുലുണ്ടായവരെക്കുറിച്ച് കൂടുതൽ വിവരങ്ൾ പുറത്തുവിട്ടിട്ടില്ല.

∙ അൽ ഐൻ പൊലീസ് നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ
വീടിനുള്ളിലോ ഇടുങ്ങിയ മുറികൾക്കുള്ളിലോ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ വിറക് അടുപ്പുകൾ കത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അൽ ഐൻ പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രി. സയീദ് ഹുമൈദ് ബിൻ ദൽമൂജ് അൽ ദാഹേരി ചൂണ്ടിക്കാട്ടി. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

– ഉറങ്ങുമ്പോൾ വേണ്ട: രാത്രിയിൽ വിറക് അടുപ്പുകൾ മുറിക്കുള്ളിൽ വച്ച് ഉറങ്ങുന്നത് ഒഴിവാക്കണം. പുക ശ്വസിച്ച് അബോധാവസ്ഥയിലാകാനും ശ്വാസംമുട്ടി മരണം സംഭവിക്കാനും ഇത് കാരണമാകും.

-ചിമ്മിനി നിർബന്ധം: തീ ഉപയോഗിക്കുന്നുണ്ടെങ്കിൽ പുക പുറത്തേക്ക് പോകാൻ പ്രത്യേക എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങളോ ചിമ്മിനികളോ ഉണ്ടെന്ന് ഉറപ്പുവരുത്തണം. മുറിക്കുള്ളിൽ ശുദ്ധവായു സഞ്ചാരം ഉറപ്പാക്കാൻ ജനാലകൾ തുറന്നിടണം.

-തീ പുറത്ത് കത്തിക്കുക: കരിക്കട്ടയോ വിറകോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് വീടിന് പുറത്ത് കത്തിച്ച് കനലായ ശേഷം മാത്രം അകത്തേക്ക് മാറ്റുന്നതാണ് സുരക്ഷിതം.

-ഉപയോഗശേഷം ശ്രദ്ധിക്കുക: ഉപയോഗം കഴിഞ്ഞാലുടൻ കനലുകൾ പൂർണ്ണമായും അണയ്ക്കണം. തീ അണയ്ക്കാതെ ഉറങ്ങാൻ പോകുന്നത് തീപിടുത്തത്തിന് വഴിവയ്ക്കും.

ശൈത്യകാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.

….