പ്രമുഖ ഇന്ത്യൻ ഇൻഫ്ലുവൻസർ ഹോട്ടൽ മുറിയിൽ മരിച്ച സംഭവം; മരണകാരണം വെളിപ്പെടുത്തി മെഡിക്കൽ റിപ്പോർട്ട്

0
175

ദുബായ്/ ലാസ് വേഗസ്: പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസറും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന അനുനയ് സൂദിന്റെ മരണകാരണം വെളിപ്പെടുത്തി മെഡിക്കൽ റിപ്പോർട്ടുകൾ. അമിത അളവിൽ ലഹരിമരുന്നും (ഫെന്റനൈൽ) മദ്യവും ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് ലാസ് വേഗസിലെ ക്ലർക്ക് കൗണ്ടി അധികൃതർ അറിയിച്ചു. മരണം അബദ്ധവശാൽ സംഭവിച്ചതാണെന്നാണ്  ഔദ്യോഗിക നിഗമനം.

നവംബർ നാലിനാണ് ലാസ് വേഗസ് സ്ട്രിപ്പിലെ വിൻ (Wynn) ഹോട്ടൽ മുറിയിൽ അനുനയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമുഖ വാഹന നിർമാതാക്കളായ ഹോരാസിയോ പഗാനി, ക്രിസ്റ്റ്യൻ വോൺ കൊയിനിഗ്സെഗ് തുടങ്ങിയവർ പങ്കെടുത്ത ‘സ്ട്രിപ്പ് ഷട്ട്ഡൗൺ’ പരിപാടിയിൽ പങ്കെടുക്കാനാണ് അനുനയ് ലാസ് വേഗസിലെത്തിയത്. മുറിയിൽ മൃതദേഹത്തോടൊപ്പം ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നവംബർ ആറിനാണ് കുടുംബാംഗങ്ങൾ അനുനയിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ വിയോഗവാർത്ത ആരാധകരെ അറിയിച്ചത്. യുഎഇ ഗോൾഡൻ വീസ ഉടമയായ അനുനയ് ഏറെക്കാലമായി ദുബായിലായിരുന്നു താമസം. ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൽനാസർ അൽഷാലി നയിച്ച ‘സീറ്റ് 07എ’ എന്ന പോഡ്‌കാസ്റ്റിലും അനുനയ് അതിഥിയായി എത്തിയിരുന്നു.

സമൂഹമാധ്യമത്തിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള അനുനയിന്റെ അപ്രതീക്ഷിത വേർപാട് യാത്രാപ്രേമികളെയും ഇൻഫ്ലുവൻസർ സമൂഹത്തെയും വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. രാഹുൽ സൂദ് കുത്തിയലത്തിന്റെയും റിതുവിന്റെയും മകനായ അനുനയിന് രണ്ട് സഹോദരിമാരുണ്ട്. ഇരുവരും ദുബായിലാണ് താമസം.