വിവാഹ ആഘോഷങ്ങൾ ബാക്കിയാക്കി സൽമാൻ മടങ്ങി: വീട്ടിലെത്തുക യുവാവിന്റെ ചേതനയറ്റ ശരീരം

0
205

റാസൽഖൈമ: റാസൽഖൈമയിൽ ശക്തമായ മഴയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന്(തിങ്കൾ) പുലർച്ചെ നാട്ടിലേക്ക് കൊണ്ടുപോയി. ദുബായിൽ നിന്നുള്ള വിമാനത്തിൽ കോഴിക്കോട്ടേയ്ക്കാണ് കൊണ്ടുപോയത്.

മലപ്പുറം കൊടിഞ്ഞി നന്നമ്പ്ര സ്വദേശി തലക്കോട്ട് തൊടികയിൽ സൽമാൻ ഫാരിസാ(27)ണ് കഴിഞ്ഞ വ്യാഴാഴ്ച(18)ന് പുലർച്ചെ റാസൽഖൈമയിലുണ്ടായ അപകടത്തിൽ മരിച്ചത്. സുലൈമാൻ തലക്കോട്ടു തൊടികയുടെയും അസ്മാബിയുടെയും മകനാണ്.

കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിലെ കോഴിക്കോട് സ്വദേശിയുടെ ഇസ്താംബൂൾ ഷവർമ കടയിൽ ഡെലിവറി ജീവനക്കാരനായിരുന്നു സൽമാൻ. അഞ്ച് മാസം മുൻപ് നാട്ടിൽ അവധിക്ക് ചെന്നപ്പോൾ ഇദ്ദേഹത്തിന്റെ നിക്കാഹ് നടന്നിരുന്നു. മൂന്ന് മാസം മുൻപാണ് തിരിച്ചുവന്നത്. അടുത്ത അവധിക്ക് ചെല്ലുമ്പോൾ വലിയ രീതിയിൽ വിവാഹം നടത്താനായിരുന്നു ആഗ്രഹം.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഇസ്താംബൂൾ ഷവർമ കടയിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെയായിരുന്നു സൽമാൻ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ഡെലിവറിയുമായി ജൂലാൽ എന്ന സ്ഥലത്തേക്ക് മോട്ടോർ ബൈക്കിൽ പോയതായിരുന്നു. മൂന്നോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായപ്പോൾ, ബൈക്ക് കാര്യമാക്കേണ്ട, എവിടെയെങ്കിലും സുരക്ഷിതമായി നിന്നോളൂ എന്ന് കടയിൽ നിന്ന് വാട്സാപ്പ് സന്ദേശത്തിലൂടെ സൽമാനോട് ആവശ്യപ്പെട്ടിരുന്നു. അൽ റംസ് റോഡിൽ എമിറേറ്റ്സ് ഗാലറിക്ക് മുൻവശത്തെ കെട്ടിട നിർമാണ സ്ഥലത്തെ സിമന്റ് ഇഷ്ടിക കൊണ്ട് നിർമിച്ച മതിലിന് അടുത്ത് മഴയേൽക്കാതെ നിൽക്കുമ്പോൾ ശക്തമായ കാറ്റിൽ അത് തകർന്ന് വീണ് മരണം സംഭവിക്കുകയായിരുന്നു. 

മഴ കുറഞ്ഞിട്ടും സൽമാൻ തിരിച്ചുവരാത്തപ്പോൾ അൽ റംസിലെ കൂട്ടുകാരുടെ അടുത്ത് ഉണ്ടായിരിക്കുമെന്നാണ് കടയിലുള്ളവർ കരുതിയത്. രാവിലെ ആറോടെ അവിടെയെത്തിയ നിർമാണത്തൊഴിലാളികളാണ് സൽമാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും മൃതദേഹം പൊലീസ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സൽമാന്റെ നിർധനകുടുംബത്തെ സഹായിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി സാമൂഹിക പ്രവർത്തകൻ നാസർ അൽ ദാന പറഞ്ഞു.