ലീഗ് ഓഫിസിനു നേരെ കല്ലേറ്, എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു; പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

0
171

മലപ്പുറം: പെരിന്തൽമണ്ണയിൽ മുസ്​ലിം ലീഗ് ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. 

ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടർന്ന് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞതായാണ് ലീഗ് ആരോപണം. അതേസമയം, ലീഗ് പ്രവർത്തകർ സിപിഎം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് സിപിഎം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 

രാത്രി 9.30ഓടെയായിരുന്നു സംഭവം. യുഡിഎഫ് വിജയാഘോഷ പ്രകടനം ഇന്ന് നടന്നിരുന്നു. അതിനിടെ ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫിസിന് കല്ലെറിഞ്ഞതായാണ് സിപിഎം ആരോപിച്ചത്. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവേയാണ് ലീഗ് ഓഫിസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. തുടർന്ന്, അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് തുടരുകയാണ്.