ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവച്ചു.
കനത്ത പ്രതിഷേധങ്ങൾക്കിടെ വിബി–ജി റാം ജി ബിൽ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണു ബിൽ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇതോടെ ബിൽ നിയമമായിരിക്കുകയാണ്.
വിബി–ജി റാം ജി ബില്ലിനെതിരെ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം കനത്ത പ്രതിഷേധമാണ് ഉയർത്തിയത്. ലോക്‌സഭയില്‍ പ്രതിപക്ഷം ബിൽ കീറിയെറിഞ്ഞിരുന്നു. വിബി-ജി റാം ജി ബില്ല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കോ, സംയുക്ത പാര്‍ലമെന്ററി സമിതിക്കോ വിടണമെന്നായിരുന്നു കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍ ഇതു തള്ളി ബില്‍ ലോക്സഭയിൽ പാസാക്കുകയായിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി ശബ്ദവോട്ടോടെ ബിൽ രാജ്യസഭയും പാസാക്കിയിരുന്നു. പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
സ്വദേശിയുടെ കുടുംബം കേരളത്തിൽ
ബിൽ നിയമമായതോടെ, നിലവിൽ പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തോളം പേരിൽ വലിയ പങ്ക് പുറത്താകാൻ സാധ്യതയുണ്ട്. തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്നാണു നിയമത്തിൽ പറയുന്നതെങ്കിലും നിലവിലുള്ള 100 ദിവസം പോലും എത്താനുള്ള സാധ്യതയും വിരളം. പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകൾ കേന്ദ്രം വിജ്ഞാപനം ചെയ്യുക എന്നതുൾപ്പടെ നിബന്ധനകൾ നടപ്പാക്കുമ്പോൾ പദ്ധതി സ്വാഭാവികമായും ചുരുങ്ങും.
ഇപ്പോൾ പദ്ധതിയിലുൾപ്പെട്ടവരിൽ വലിയൊരു വിഭാഗത്തിന് തൊഴിൽനഷ്ടമാകും, തൊഴിൽദിനങ്ങളും കുറയും. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്ന നിബന്ധനയും തൊഴിൽദിനങ്ങൾ ഗണ്യമായി കുറയാൻ ഇടയാക്കും. ഫലത്തിൽ പദ്ധതി ഗുണഭോക്താക്കളായ ലക്ഷക്കണക്കിനുപേരുടെ വരുമാനമാർഗത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാകും പുതിയ നിയമം.
