സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ മുൻ ഭർത്താവിനെ അപകീർത്തിപ്പെടുത്തി; യുവതിക്കെതിരെ കേസ്

0
89

ദുബായ്: ദുബായിൽ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ മുൻ ഭർത്താവിനെ അപകീർത്തിപ്പെടുത്തിയ യുവതിക്കെതിരെ കേസ്. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലെ പതിവ് അറിയിപ്പുകൾ ഒടുവിൽ ക്രിമിനൽ കേസിൽ കലാശിച്ചു. മുൻ ഭർത്താവിന്റെ സ്വകാര്യത ലംഘിച്ചെന്നും ഓൺലൈനിലൂടെ അപകീർത്തിപ്പെടുത്തിയെന്നുമാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയത്.

വിവാഹമോചിതരായ ലുവായ്-മറാം ദമ്പതികളുടെ മകൻ മർവാൻ പഠിക്കുന്ന സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പിലാണ് സംഭവങ്ങളുടെ തുടക്കം. വിവാഹമോചനത്തിന് ശേഷം മകൻ മർവാനോടൊപ്പമാണ് താമസം. ഇരുവരും തമ്മിൽ കോടതിയിൽ ജീവനാംശത്തിനായി കേസ് നടന്നുവരികയാണ്.

കുട്ടിയുടെ പഠനകാര്യങ്ങളും മറ്റ് ദൈനംദിന ആവശ്യങ്ങളും താനാണ് നോക്കുന്നതെന്നും മകന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മറാം പറയുന്നു.

മകന്റെ സ്കൂൾ ഗ്രൂപ്പിലേക്ക് ലുവായിയെ ചേർത്തതായുള്ള നോട്ടിഫിക്കേഷൻ കണ്ടതാണ് മറാമിനെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ ചെലവുകൾക്ക് പണം നൽകാത്ത ലുവായിയെ ഗ്രൂപ്പിൽ ചേർത്തതിൽ അതൃപ്തി പ്രകടിപ്പിച്ച മറാം, ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്കെല്ലാം കാണാവുന്ന രീതിയിൽ ലുവായിക്കെതിരെ നീണ്ട സന്ദേശമയച്ചു. ലുവായ് തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും സാമ്പത്തിക സഹായം നൽകുന്നില്ലെന്നുമായിരുന്നു ആരോപണം. സന്ദേശമയച്ചതിന് പിന്നാലെ മറാം ഗ്രൂപ്പിൽ നിന്ന് പുറത്തുപോവുകയും ചെയ്തു.

പല മാതാപിതാക്കളും സ്കൂൾ ജീവനക്കാരും അംഗങ്ങളായ ഗ്രൂപ്പിൽ തന്നെ വ്യക്തിഹത്യ നടത്തിയെന്നും സ്വകാര്യത ലംഘിച്ചെന്നും ആരോപിച്ച് ലുവായ് പൊലീസിൽ പരാതി നൽകി. സൈബർ നിയമപ്രകാരം സ്വകാര്യത ലംഘിച്ചതിന് മറാമിനെതിരെ കേസെടുത്ത പ്രോസിക്യൂഷൻ ഇവരെ ദുബായ് മിസ്ഡെമിനർ കോടതിയിലേക്ക് റഫർ ചെയ്തു.

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം വലിയ നിയമക്കുരുക്കുകളിലേക്ക് നയിക്കുമെന്നതിന്റെ മുന്നറിയിപ്പാണ് ഈ കേസ്. വ്യക്തിപരമായ തർക്കങ്ങൾ പൊതുവേദിയിൽ പങ്കുവയ്ക്കുന്നത് കുറ്റകരമാണെന്നും ഇത്തരം തർക്കങ്ങൾ കുട്ടികളുടെ മാനസിക നിലയെ ബാധിക്കാതെ സമാധാനപരമായി പരിഹരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.