കൊച്ചി: മലയാളിക്ക് ആഴത്തിൽ ഓർത്തെടുക്കാനാവുന്ന പ്രതിഭ. ലളിതവും സൂക്ഷ്മവുമായ നർമത്തിന്റെ അകമ്പടിയിൽ ജീവിത യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ പകർത്തിയ ശ്രീനിവാസന്റെ അന്ത്യം രാവിലെ 8.30നായിരുന്നു.
ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. ഒരു മണിക്ക് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം. സംസ്കാരം പിന്നീട്.
മരണ വിവരമറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ ആശുപത്രിയിലേക്കെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, നടി സരയു, നിർമാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎൽഎ എന്നിവർ അടക്കമുള്ളവർ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിലുണ്ട്. ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ എത്തും. മരണവാർത്ത അറിഞ്ഞ് സിനിമാ പ്രവർത്തകർ കൊച്ചിയിലേക്ക് എത്തുകയാണ്. മക്കളായ വിനീതും ധ്യാനും കൊച്ചിയിലേക്കു പുറപ്പെട്ടു.
അനശ്വര കലാകാരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘‘മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിന്റെ അക്കരെ അക്കരെ അക്കരെനിന്ന് ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യപ്രചോദനമാകും.
അവസാനം കണ്ടപ്പോഴും ശാരീരികമായ പലവിധ അവശതകൾക്കിടയിലും ശ്രീനിവാസൻ അദ്ദേഹത്തിന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. നർമത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിക്കുവാൻ ശ്രീനിവാസനു സവിശേഷമായ കഴിവുണ്ടായിരുന്നു. ദശകങ്ങളോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു.
വായനശാലകൾ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനിൽ വായനയിലും നാടകാഭിനയത്തിലും കമ്പമുണർത്തിയത്. ഉൾക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗശേഷി സിനിമയുള്ള കാലത്തോളം സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ചലച്ചിത്ര ലോകത്തിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു’’ – അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
