തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും; പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ

0
5

തിരുവനന്തപുരം: സംസ്ഥാനത്തെ 1,191 തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. മലപ്പുറം ജില്ലയിലെ വണ്ടൂർ, തിരൂർ ബ്ലോക്ക് പഞ്ചായത്തുകൾ, ചെക്കോട്, തൃക്കലങ്ങോട്, മം​ഗലം, വെട്ടം, തിരുവനങ്ങാട്, മക്കരപ്പറമ്പ് ​ഗ്രാമപഞ്ചായത്തുകൾ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ എന്നിവയുടെ കാലാവധി പിന്നീടാണ് അവസാനിക്കുക.

നാളെയാണ് പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ​ന​ഗരസഭകളിലും രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക. തെരഞ്ഞെടുക്കപ്പെട്ടവരിലെ മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക.

ചടങ്ങിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിൻ്റെ അധ്യക്ഷതയിൽ ചേരും. ഈ യോഗത്തിൽ അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച അറിയിപ്പ് സെക്രട്ടറി വായിക്കും. 26,27 തീയതികളിലാണ് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾ.