ഡൽഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സര്‍ക്കാര്‍. കൃത്യമായ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നൽകില്ലെന്ന് പരിസ്ഥിതി മന്ത്രി മജീന്ദർ സിംഗ് സിർസ അറിയിച്ചു. മലിനീകരണ തോത് കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ ഭാഗമായാണ് ഈ നിർണായക തീരുമാനം. ഡിസംബർ 18 മുതൽക്കാണ് ഇത് നടപ്പാക്കുക.
പ്രവർത്തനക്ഷമത നിലവാരമില്ലാത്ത ചരക്ക് വാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കും ഡൽഹിയിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി. വായുവിൽ പൊടിപടലങ്ങൾ ഉയർത്തുന്ന എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാനും ഉത്തരവുണ്ട്. വായു മലിനീകരണം നിയന്ത്രിക്കാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് ഈ കടുത്ത തീരുമാനം.
അംഗീകൃത ടെസ്റ്റിംഗ് സെന്ററുകളിൽ വാഹനത്തിന്റെ എമിഷൻ പരിശോധിച്ച് ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് പിയുസി. പെട്രോൾ പമ്പുകളിലും ആർടിഒ ഓഫീസുകളിലും സ്വകാര്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) കയ്യിൽ കരുതണം.
പരിശോധനയ്ക്ക് ശേഷം, വാഹനത്തിന്റെ മലിനീകരണ തോത് നിശ്ചിത പരിധിയിൽ താഴെയാണെങ്കിൽ പിയുസി സർട്ടിഫിക്കറ്റ് ലഭിക്കും. ബിഎസ്-6 വാഹനങ്ങൾക്ക് ഒരു വർഷത്തേക്കും പഴയ വാഹനങ്ങൾക്ക് ആറുമാസത്തേക്കുമാണ് സാധാരണയായി സർട്ടിഫിക്കറ്റ് നൽകുക.
