തിരുവനന്തപുരം: സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകും. തനിക്കുണ്ടായ മോശം അനുഭവം ചലച്ചിത്ര അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകുന്നത്. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകുന്നത്.
ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ എന്നിവയും അക്കാദമി ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.എഫ്.എഫ്.കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി.ടി കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വെച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്.
അതേസമയം, ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്. ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി പി.ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. സംവിധായികയുടെ പരാതിയിൽ അടിസ്ഥാനമുണ്ടെന്ന തരത്തിലാണ് അന്വേഷണ റിപ്പോർട്ട്.
സംഭവം നടന്നെന്ന് പറയുന്ന സമയത്ത് യുവതിയും കുഞ്ഞുമുഹമ്മദും ഹോട്ടലിൽ ഉണ്ടായിരുന്നതായി തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം സംവിധായികയുടെ രഹസ്യമൊഴി തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളാണ് സംവിധായിക കോടതിയിലും ആവർത്തിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദ് സെഷന്‍സ് കോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായതിനു ശേഷമാകും പൊലീസ് ചോദ്യം ചെയ്യുക.
സ്ത്രീകള്‍ക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
ഐ.എഫ്.എഫ്.കെയിൽ മലയാളം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഐ.എഫ്.എഫ്.കെക്ക് വേണ്ടിയുള്ള സിനിമകളുടെ സ്ക്രീനിങ്ങിനായി എത്തിയപ്പോൾ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. തന്‍റെ മുറിയിലേക്ക് ചലച്ചിത്ര പ്രവർത്തകയെ വിളിച്ചുവരുത്തുകയുംസമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണ് പരാതി.
