രാജാക്കന്മാർ ഒന്നിച്ച നിമിഷം! വാംങ്കഡെയെ ആവേശക്കടലാക്കി മെസ്സി, ഒപ്പം സച്ചിനും ഛേത്രിയും

0
31

മുംബൈ: ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സി മുംബൈയിലെത്തി. വാംങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഇതിഹാസതാരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുനില്‍ ഛേത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ പങ്കെടുത്തു. ഗോട്ട് ടൂറിന്റെ രണ്ടാം ദിനമാണ് ഞായറാഴ്ച. ശനിയാഴ്ച കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മെസ്സിയുടെ സന്ദര്‍ശനമുണ്ടായിരുന്നത്.

തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിന് നടുവിലായിരുന്നു ഞായറാഴ്ച വൈകുന്നേരം മെസ്സി വന്നിറങ്ങിയത്. ആരാധകര്‍ ആര്‍പ്പുവിളികളോടെ മെസ്സിയെ വരവേറ്റു. സച്ചിന്‍ തന്റെ പത്താം നമ്പര്‍ ജേഴ്‌സി മെസ്സിക്ക് സമ്മാനിച്ചു. പിന്നാലെ 2026 ലോകകപ്പിന്റെ ഔദ്യോഗിക പന്ത് മെസ്സി സച്ചിനും  സമ്മാനിച്ചു. സുനില്‍ ഛേത്രിക്കും ഫഡ്‌നാവിസിനും മെസ്സി ലോകകപ്പ് ജേഴ്‌സിയും സമ്മാനിച്ചു. സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസ്സിക്കൊപ്പമുണ്ടായിരുന്നു.

വാങ്കഡെയിൽ വെച്ച് മെസ്സിയെക്കുറിച്ച് സച്ചിന്‍ സംസാരിച്ചു. ഞാൻ ഇവിടെ അവിസ്മരണീയമായ ചില നിമിഷങ്ങൾ ചെലവഴിച്ചു. നമ്മൾ വിളിക്കുന്നതുപോലെ, മുംബൈ സ്വപ്നങ്ങളുടെ നഗരമാണ്. ഈ വേദിയിൽ വെച്ച് നിരവധി സ്വപ്നങ്ങൾ ലക്ഷ്യം കണ്ടിട്ടുണ്ട്. ഇന്ന്, ഈ മൂന്നുപേരെയും ഇവിടെ കാണുന്നത് മുംബൈക്കാർക്കും, ഇന്ത്യയ്ക്കും ഒരു സുവർണ നിമിഷമാണ്. – സച്ചിൻ പറഞ്ഞു.

മെസ്സിയുടെ കളിയെക്കുറിച്ച് സംസാരിക്കാൻ ഇത് ശരിയായ വേദിയല്ല. അദ്ദേഹത്തെക്കുറിച്ച് എന്താണ് പറയേണ്ടത്? അദ്ദേഹം എല്ലാം നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ സമർപ്പണത്തെയും, നിശ്ചയദാർഢ്യത്തെയും, പ്രതിബദ്ധതയെയും അഭിനന്ദിക്കുന്നു. മുംബൈയിലെത്തിയതിന് മെസ്സിക്ക് നന്ദി പറഞ്ഞാണ് സച്ചിൻ പ്രസംഗം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസ്സിയെയും സഹതാരങ്ങളെയും നന്നായി കാണാനാകാത്തതാണ് ആരാധകരെ പ്രകോപിതരാക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. മെസ്സി വേഗം തന്നെ അവിടെ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ കാണികൾ അക്രമാസക്തരായി. സ്റ്റേഡിയത്തിലേക്ക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയുകയും സീറ്റുകൾ തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സത്രാദു ദത്തയെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ മെസ്സിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മെസ്സിയോടും ആരാധകരോടും മാപ്പുപറഞ്ഞു.ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

എന്നാൽ ഹൈദരാബാദിൽ ആരാധകരുടെ മനംകവർന്നാണ് മെസ്സി സ്റ്റേഡിയം വിട്ടത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം മെസ്സി പന്തുതട്ടി. തുടർന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിച്ചേർന്നു. രേവന്ത് റെഡ്ഡിക്കും രാഹുൽ ഗാന്ധിക്കും മെസ്സി അർജന്റീനയുടെ പത്താം നമ്പർ ജേഴ്‌സി സമ്മാനിച്ചു.