തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി: പിവി അൻവർ

0
122

മലപ്പുറം: തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം പിണറായിസത്തിന് ഏറ്റ തിരിച്ചടിയെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവ് പിവി അൻവർ. മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് കോഴിക്കോട് പോലും പരാജയം ഉണ്ടായി. സർക്കാരിന് തുടരാൻ ഉള്ള അവകാശം നഷ്ടപ്പെട്ടു.

പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്. അതല്ല ഉണ്ടായത്. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തതെന്നും പിവി അൻവർ പറഞ്ഞു.

2026ൽ നൂറു സീറ്റിൽ അധികം യുഡിഎഫിന് നേടാനാകും. തൊഴിലാളി വിഭാഗവും മതേതര മനുഷ്യരും എൽഡിഎഫിനെ കൈവിട്ടു. തദ്ദേശ തെരെഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് എവിടേയും മത്സരിച്ചിട്ടില്ല. യുഡിഎഫിനെ പിന്തുണക്കുകയാണ് ചെയ്തതെന്നും പിവി അൻവർ പറഞ്ഞു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടി കനത്ത പ്രഹരമാണെന്ന് വിലയിരുത്തുകയാണ് സിപിഎം. ശബരിമല സ്വര്‍ണക്കൊള്ളയടക്കം തിരിച്ചടിയായെന്നും ഭരണവിരുദ്ധ വികാരമുണ്ടായെന്നുമാണ് സിപിഎം വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ സംഘടനാ തലത്തിൽ വീഴ്ചയുണ്ടായെന്നും വിലയിരുത്തുന്നു. പരാജയം ഇഴകീറി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ള വിവാദം തിരിച്ചടിയായി.

വിഷയത്തിലുണ്ടായ ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല. അടിസ്ഥാന വോട്ടിൽ വരെ വിവാദം വിള്ളലുണ്ടാക്കി. സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും ആരോപണവിധേയരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് എതിര്‍വികാരം ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു.