പൊതുനിരത്തിൽ യുവാവിന്റെ സാഹസിക പിറന്നാൾ ആഘോഷം; ഉടനടി പോലീസിന്റെ വേറിട്ട ‘സമ്മാനം’

0
21

ദുബായ്: പൊതുനിരത്തിൽ തീയിട്ട് സാഹസികമായി പിറന്നാൾ ആഘോഷിച്ച് യുവാവിന് ദുബായ് പോലീസിന്റെ വേറിട്ട ‘സമ്മാനം’. യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയുമാണ് വേറിട്ട പിറന്നാൾ ആഘോഷത്തിന് ദുബായ് പൊലീസ് മറുപടി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

26-ാം ജന്മദിനത്തിൽ ആ അക്കങ്ങളുടെ രൂപത്തിലായിരുന്നു യുവാവ് തീ പടർത്തിയത്. കൂടുതൽ സമൂഹമാധ്യമ ഫോളോവേഴ്‌സിനെയും ജനപ്രീതിയും നേടുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് ഈ സാഹസം ചെയ്തതെങ്കിലും ഇത് ട്രാഫിക് നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ദുബായ് പൊലീസ് ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. ജുമാ ബിൻ സുവൈദാൻ പറഞ്ഞു.

പൊതുനിരത്തിൽ തീയിടുന്നത് സ്വന്തം ജീവന് മാത്രമല്ല, മറ്റ് വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും പൊതുസമൂഹത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം പ്രവൃത്തികൾ ട്രാഫിക് തടസ്സപ്പെടുത്തുകയും ആശയക്കുഴപ്പമുണ്ടാക്കുകയും റോഡ് അടിസ്ഥാന സൗകര്യങ്ങൾക്കും പരിസ്ഥിതിക്കും കേടുവരുത്തുകയും ചെയ്യും. അപകടകരമായ സാഹസങ്ങൾക്കോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാനോ പൊതുനിരത്തുകൾ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് റോഡ് ഉപയോക്താക്കൾക്ക് ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

∙ നടപടി അതിവേഗം
സംഭവത്തിന്റെ വിഡിയോ ക്ലിപ്പ് സമൂഹമാധ്യമത്തിൽ പ്രചരിച്ച ഉടൻ തന്നെ ദുബായ് പൊലീസ് എൻഫോഴ്‌സ്‌മെന്റ് സംഘം അത് നിരീക്ഷിച്ച് വിശകലനം ചെയ്യുകയും യുവാവിനെയും വാഹനത്തെയും വേഗത്തിൽ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നിയമനടപടികൾ സ്വീകരിക്കുകയും വാഹനം കണ്ടുകെട്ടുകയും നിയമലംഘനങ്ങൾക്കും നാശനഷ്ടങ്ങൾക്കും പിഴ ചുമത്തുകയും ചെയ്തു. ഇത്തരം നിയമലംഘനങ്ങൾക്ക് 2,000 ദിർഹം വരെ പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസം വരെ വാഹനം കണ്ടുകെട്ടൽ എന്നിവ ലഭിക്കുമെന്ന് അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു.

അപകടകരമായ ഓൺലൈൻ ഉള്ളടക്കങ്ങളെ അനുകരിക്കുന്നതിൽ നിന്ന് കുട്ടികളെ തടയാനും ലൈക്കുകളും കാഴ്ചകളും നേടുന്നതിന് വേണ്ടി നിയമം ലംഘിക്കുകയോ ജീവൻ അപകടത്തിലാക്കുകയോ ചെയ്യരുതെന്ന് ഓർമിപ്പിക്കാനും രക്ഷിതാക്കളോട് ദുബായ് പൊലീസ് അഭ്യർഥിച്ചു.