ലാന്‍കാഷെയര്‍: ഭൂചലനത്തെത്തുടർന്ന് പാലത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന് കാണിക്കുന്ന ഒരു വ്യാജ എഐ നിർമിത ചിത്രം സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെത്തുടർന്ന് ബ്രിട്ടനില്‍ റെയിൽ ഗതാഗതം തടസ്സപ്പെട്ടു. കാർലൈൽ പാലത്തിലൂടെയുള്ള റെയിൽ സർവീസുകളാണ് സുരക്ഷാ പരിശോധനകൾക്കായി നെറ്റ്‌വർക്ക് റെയിൽ നിർത്തിവച്ചത്.
ലാന്‍കാഷെയര്‍, സതേണ്‍ ലേക് ഡിസ്ട്രിക്ട് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭൂകമ്പത്തെത്തുടര്‍ന്ന് ലങ്കാസ്റ്ററിലെ കാരേലൈന്‍ പാലത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്ന തരത്തില്‍ വ്യാജചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. റെയില്‍വേ ഉടന്‍ മുന്‍കരുതല്‍ നടപടിയെടുക്കുകയായിരുന്നു.
നെറ്റ്‌വർക്ക് റെയിൽ റിപ്പോർട്ടനുസരിച്ച്, പുലച്ചെ 12:30 നാണ് പാലം തകര്‍ന്ന തരത്തിലുള്ള വ്യാജ ചിത്രം ലഭിക്കുന്നത്. ഉടൻ തന്നെ സുരക്ഷാ പരിശോധനകൾക്കായി പാലത്തിലൂടെയുള്ള റെയിൽ സർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം പാലത്തിന് കേടുപാടുകള്‍ ഒന്നും ഇല്ലെന്ന് റെയിൽവേ സ്ഥിരീകരിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടോടെ ഗതാഗതം പുനരാരംഭിച്ചു.
വ്യാജചിത്രം കാരണം പാസഞ്ചർ, ചരക്ക് ട്രെയിനുകൾ ഉൾപ്പെടെ 32 സർവീസുകൾ വൈകിയതായി നെറ്റ്‌വർക്ക് റെയിൽ വക്താവ് അറിയിച്ചു. ‘ഇതുപോലുള്ള വ്യാജ ചിത്രങ്ങളും വിഡിയോകളും സൃഷ്ടിക്കുന്നതും പങ്കിടുന്നതും യാത്രക്കാർക്ക് അനാവശ്യമായ കാലതാമസവും നഷ്ടവും ഉണ്ടാക്കുന്നു,’ വക്താവ് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് വ്യാജ ചിത്രങ്ങൾ നിർമിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്നതിന് മുൻപ് അത് ഉണ്ടാക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് റെയില്‍വേ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇതുപോലുള്ള വ്യാജചിത്രങ്ങളും വിഡിയോകളും ഉണ്ടാക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത് കാരണം യാത്രക്കാർക്ക് അനാവശ്യമായ കാലതാമസം ഉണ്ടാകുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ഏത് സുരക്ഷാ ആശങ്കയും ഗൗരവമായി എടുക്കുമെന്നും റെയില്‍വേ അധികൃതർ വ്യക്തമാക്കി.
