കൊച്ചി: നീണ്ട ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം മുതൽ എറണാകുളം വരെ 11,168 വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്നത്തെ നിശബ്ദപ്രചരണത്തിലൂടെ അവസാനവട്ട വോട്ടുറപ്പിക്കാനാണ് മുന്നണികളുടെയും സ്ഥാനാർഥികളുടെയും ശ്രമം. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പായ നാളെ രാവിലെ ആറിന് മോക്ക്പോൾ നടത്തും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
പോളിങ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, വിശ്രമസ്ഥലം, റാമ്പ്, ക്യൂ സൗകര്യം തുടങ്ങിയവ ഏർപ്പെടുത്തും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും. വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവ തടസപ്പെടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
മാതൃകാ പെരുമാറ്റചട്ട ലംഘനം, കള്ളവോട്ട് ചെയ്യൽ, ആൾമാറാട്ടം, പോളിങ് ബൂത്തിൽ അതിക്രമം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യൽ, തെരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.
