കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി നാളെ വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോ എന്നതാണു പ്രധാന ചോദ്യം. കുറ്റം തെളിഞ്ഞാൽ മറ്റു പ്രതികൾക്കു ലഭിക്കുന്ന അതേ ശിക്ഷ തന്നെ ഗൂഢാലോചനയിൽ പങ്കെടുത്തവർക്കും ലഭിക്കും.
സ്ത്രീ സുരക്ഷാകാര്യങ്ങളിലെ നയരൂപീകരണത്തിനും മലയാള സിനിമാ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധിക്കുന്നതിനും വഴിയൊരുക്കിയ കേസിലാണു വിധി പറയുന്നത്. അന്തിമവിധി തയാറാക്കുന്നതിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നേരിട്ടാൽ മാത്രമേ വിധി മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കൂ. കേസിന്റെ പല ഘട്ടങ്ങളിലായി ജാമ്യം ലഭിച്ച മുഴുവൻ പ്രതികളും ഇപ്പോൾ പുറത്താണ്. 3 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കുന്ന മുഴുവൻ പ്രതികളെയും അപ്പോൾതന്നെ ജയിലിലേക്കു വിടും.
വിചാരണ നേരിട്ട 10 പ്രതികളിൽ ആരെല്ലാം എന്തെല്ലാം കുറ്റങ്ങളാണു ചെയ്തതെന്നു കോടതി പ്രസ്താവിച്ചതിനു ശേഷം ആ കുറ്റങ്ങൾക്കു നൽകേണ്ട ശിക്ഷയിൽ വാദം നടക്കും. ഈ വാദം രാവിലെ പൂർത്തിയാക്കിയാൽ വേണമെങ്കിൽ അന്ന് ഉച്ചയ്ക്കുശേഷം കുറ്റക്കാർക്കുള്ള ശിക്ഷ വിധിക്കാം. അല്ലെങ്കിൽ ശിക്ഷാവിധി മറ്റൊരു ദിവസത്തേക്കു മാറ്റാം. അന്തിമ വിധി പറയാൻ കോടതി നിശ്ചയിച്ച ദിവസം കേരളം തദ്ദേശ തിരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് എത്തുന്നതിന്റെ തലേന്നായതു പൊതുസമൂഹത്തിലും രാഷ്ട്രീയ രംഗത്തും ചർച്ചയായിട്ടുണ്ട്. 2012 ഫെബ്രുവരി 17നാണു കുറ്റകൃത്യം നടന്നത്. 2018 മാർച്ച് എട്ടിനാണു സാക്ഷി വിസ്താരം തുടങ്ങിയത്.
…
