ഒപ്പം ഭർത്താവിന്റെ മൃതദേഹം, വിമാനം എപ്പോൾ പോകുമെന്ന് അറിയില്ല; ഇൻഡിഗോ പ്രതിസന്ധിക്കിടെ നൊമ്പരക്കാഴ്ച

0
153

ഷില്ലോങ്: മരണമടഞ്ഞ ഭർത്താവിന്റെ ഭൗതികദേഹം ജന്മനാടായ കൊൽക്കത്തയിൽ എത്തിക്കാനാണ് മേഘാലയയിൽ‌ അധ്യാപികയായ മഞ്ജരി പലിത് അസമിലെ ഗുവാഹട്ടി വിമാനത്താവളത്തിൽ എത്തിയത്. ഇൻഡിഗോ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകാനായിരുന്നു ബുക്ക് ചെയ്തത്.

എന്നാൽ, പൈലറ്റ് ക്ഷാമത്തെ തുടർന്ന് രാജ്യവ്യാപകമായി ഇൻഡിഗോ സർവിസുകൾ മുടങ്ങിയതോടെ ഗുവാഹട്ടിയിൽ നിന്നുള്ള യാത്രയും അനിശ്ചിതത്വത്തിലായി. ഭർത്താവിന്റെ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്നറിയാതെ പ്രയാസപ്പെടുന്ന ഇവരുടെ ദൃശ്യങ്ങൾ യാത്രികർ അനുഭവിക്കുന്ന പ്രതിസന്ധിയുടെ നേർചിത്രമായി. 

‘‘ഷില്ലോങ്ങിൽ നിന്നാണ് ഞാൻ ഇത്രയും ദൂരം സഞ്ചരിച്ചു വന്നത്. എന്റെ ഭർത്താവ് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതികദേഹം ജന്മനാടായ കൊൽക്കത്തയിലെത്തിക്കണം. നാട്ടിൽ സംസ്കരിക്കണം. ഇൻഡിഗോ വിമാനമാണ് ബുക്ക് ചെയ്തത്. എന്നാൽ, വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് നിലവിൽ ഒരു വിവരവുമില്ല. വിമാനം പുറപ്പെടുമോ അതോ റദ്ദാക്കുമോ എന്ന ആശങ്കയിലാണ്. 48 മണിക്കൂർ മാത്രമേ ഭർത്താവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിക്കാൻ കഴിയൂ. ആ സയമം തീർന്നാൽ പിന്നെ എന്തു ചെയ്യും? ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക?’’ –ഷില്ലോങ്ങിൽ സീനിയർ ഇംഗ്ലീഷ് അധ്യാപികയായ മഞ്ജരി പലിത് ചോദിച്ചു. 

അതേസമയം, വിമാന സർവീസുകൾ സാധാരണ നിലയിലേക്കു കൊണ്ടുവരാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് ഇൻഡ‍ിഗോ അറിയിച്ചു. 1500ലേറെ സർവീസുകൾ ഇന്ന് നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഡിസംബർ 10ഓടെ സർവീസുകൾ പൂർണമായും പുനഃസ്ഥാപിക്കാനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്. യാത്ര മുടങ്ങുന്നവർക്ക് മുഴുവൻ റീഫണ്ടും വൈകുന്നവർക്ക് താമസ സൗകര്യവും നൽകുമെന്ന് നേരത്തെ എയർലൈൻ അറിയിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന പുതിയ ചട്ടം നിലവിൽ വന്നതോടെയാണ് ഡിസംബർ 1 മുതൽ രാജ്യവ്യാപകമായി ഇൻഡിഗോയുടെ സർവിസുകൾ താളംതെറ്റിയത്.