ലോകത്തിലെ ആറാമത്തെ വൃത്തിയുള്ള നഗരം സഊദിയിൽ; പട്ടികയിലെ 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ

0
209

റിയാദ്: ലോകത്ത് ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട അഞ്ചു നഗരങ്ങളും ഗൾഫിൽ. ഷാര്‍ജ, ദോഹ, റിയാദ്, മസ്‌കത്ത്, ദുബായ് എന്നീ ഗള്‍ഫ് നഗരങ്ങളാണ് ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാക്കോവ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. റിയാദ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ആറാമത്തെ നഗരമായി.

യൂറോമോണിറ്റര്‍ റാങ്ക് ചെയ്ത ലോകത്തെ മികച്ച 100 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള 100 നഗരങ്ങളെ വിശകലനം ചെയ്ത് റാഡിക്കല്‍ സ്റ്റോറേജ് കമ്പനി വിശകലന വിദഗ്ധരാണ് നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ പോളണ്ടില്‍ നിന്നുള്ള രണ്ടു നഗരങ്ങള്‍ ഇടംനേടി. തലസ്ഥാനമായ വാഴ്‌സോ 97.8 ശതമാനം പോസിറ്റീവ് ശുചിത്വ റേറ്റിങ്ങുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.

ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളില്‍ യഥാക്രമം ഒന്നു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍ ക്രാക്കോവ്-പോളണ്ട് (98.5%), ഷാര്‍ജ-യുഎഇ (98.0%), സിംഗപ്പൂര്‍ (97.9%), വാഴ്‌സോ-പോളണ്ട് (97.8%), ദോഹ-ഖത്തര്‍ (97.4%), റിയാദ്-സൗദി അറേബ്യ (96.9%), പ്രാഗ്-ചെക്ക് റിപ്പബ്ലിക് (96.4%), മസ്‌കത്ത്-ഒമാന്‍ (96.4%), ദുബായ്-യുഎഇ (96.3%), ഫുകുവോക്ക-ജപ്പാന്‍ (96.3%) എന്നീ നഗരങ്ങളാണ്.