“ആശ്വാസം”: പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തിൽ ഡിജിസിഎ ഇളവു വരുത്തി

0
150

ന്യൂഡൽഹി: ഇൻഡിഗോയുടെ വിമാനസർവീസുകൾ ഏറെക്കുറേ പൂർണമായും താളംതെറ്റിയതോടെ പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഇളവു വരുത്തി. പൈലറ്റുമാരുടെ അവധിയെ നിർബന്ധിത പ്രതിവാര വിശ്രമമായി കാണരുതെന്ന വ്യവസ്ഥ ഡിജിസിഎ നടപ്പാക്കിയിരുന്നു. ഈ വ്യവസ്ഥയാണ് ഇപ്പോൾ പിൻ‍വലിച്ചിരിക്കുന്നത്.

ഫലത്തിൽ പൈലറ്റുമാർ അവധിയെടുത്താൽ കമ്പനികൾക്ക് ഇത് ഡിജിസിഎ നിശ്ചയിച്ചിരിക്കുന്ന നിർബന്ധിത പ്രതിവാര വിശ്രമത്തിന്റെ പരിധിയിൽ കാണാം. നവംബർ 1 മുതൽ നടപ്പാക്കിയ പൈലറ്റ് ഡ്യൂട്ടി ചട്ടമാണ് ഇൻഡിഗോ സർവീസുകൾക്ക് തിരിച്ചടിയായത്. ഈ ചട്ടത്തിൽ ഇൻഡിഗോ ഇളവ് ആവശ്യപ്പെട്ടിരുന്നു.

പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം ഉറപ്പാക്കാനായി ഡിജിസിഎ ഏർപ്പെടുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ്ഡിടിഎൽ) ക്രമീകരണത്തിന്റെ അവസാനഘട്ടം നടപ്പായത് നവംബർ ഒന്നിനാണ്. ഇത് നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്കു വേണ്ട തയാറെടുപ്പിലാതെ പോയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36  മണിക്കൂറായിരുന്നത് 48 മണിക്കൂറായി വർധിപ്പിച്ചു. ഒപ്പം രാത്രി ലാൻഡിങ് 6 എണ്ണമായിരുന്നത് രണ്ടായി കുറയ്ക്കുകയും ചെയ്തു. പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ഇത് കാര്യമായി ബാധിച്ചു. ഡിജിസിഎ ചട്ടത്തെ ഇൻഡിഗോയടക്കമുള്ള കമ്പനികൾ തുടക്കം മുതലേ എതിർത്തിരുന്നു.

കൂടുതൽ പൈലറ്റുമാരെ വേണ്ടിവരുമെന്നതായിരുന്നു എതിർപ്പിന്റെ കാരണം. ചട്ടത്തിന്റെ ആദ്യഘട്ടം ജൂലൈയിൽ നടപ്പായി. അന്നു തന്നെ നടപ്പാകേണ്ടിയിരുന്ന വ്യവസ്ഥകൾ നവംബർ വരെ നീണ്ടതും ഈ എതിർപ്പ് മൂലമാണ്. ഡൽഹി ഹൈക്കോടതിയിൽ വരെ കേസ് എത്തിയെങ്കിലും ചട്ടം നടപ്പാക്കാൻ ഉത്തരവിടുകയായിരുന്നു.