‘രാഹുലുമായുള്ള സൗഹൃദം പാർട്ടി വഴി; പിന്തുണച്ചത് സംഘടനാ പ്രവർത്തനത്തെ: ഷാഫി പറമ്പിൽ

0
94

കോഴിക്കോട്: മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും  എടുക്കാത്ത നടപടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് കൈക്കൊണ്ടതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. രേഖാമൂലം പരാതി ലഭിക്കുന്നതിനു മുൻപു തന്നെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, പ്രാഥമിക അംഗത്വം പാർലമെന്ററി പാർട്ടി എന്നിവയിൽ നിന്ന് ഒഴിവാക്കി. രാഹുലിനെതിരെ രേഖാമൂലം തനിക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി. കൊയിലാണ്ടിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ആരും എടുക്കാത്ത നയവും സമീപനവും ആണ് കോൺഗ്രസ് ഈ വിഷയത്തിൽ എടുത്തത്. എന്ത് സാങ്കേതികത്വം പറഞ്ഞാലും മറ്റൊരു പാർട്ടിക്കും കോൺഗ്രസിനെ വിമർശിക്കാനുള്ള സാഹചര്യമില്ല. രേഖാമൂലം വന്ന പരാതിയിൽ പൊലീസ് നടപടി എടുത്തപ്പോൾ നിയമപരമായി തടസം നിൽക്കാൻ ഇല്ല എന്ന സമീപനമാണ് കോൺഗ്രസ് എടുത്തത്. പാർട്ടിക്കു പിന്നീട് പരാതി ലഭിച്ച സാഹചര്യമുണ്ടായപ്പോൾ പാർട്ടി കമ്മിറ്റി അന്വേഷിക്കുകയല്ല അത് ഡിജിപിക്ക് കെപിസിസി പ്രസിഡന്റ് തന്നെ കൈമാറുകയായിരുന്നു. അടുത്ത ഘട്ടമെന്താണെന്ന് ഹൈക്കമാൻഡുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഞാൻ പരിപൂർണമായി പാർട്ടിക്കാരനാണ്. പാർട്ടി എടുത്ത നടപടികളിൽ വിഘാതം സൃഷ്ടിക്കുന്ന ഒരു നിലപാടും എടുത്തിട്ടില്ല. പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണിത്. രാഹുലുമായി പാർട്ടി വഴി ഉണ്ടായ സൗഹൃദമാണുള്ളത്. പാർട്ടിയിൽ പുതിയ തലമുറ വളർന്നു വരുമ്പോൾ സംഘടനാപരമായി പിന്തുണ നൽകേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. നാളെയും ഇങ്ങനെ വളർന്നു വരുന്നവരെ പിന്തുണ നൽകി മുന്നോട്ടു കൊണ്ടു വരും. അവരുടെ രാഷ്ട്രീയത്തെയും സംഘടന പ്രവർത്തനത്തിനുമാണ് പിന്തുണ കൊടുത്തത്. അല്ലാതെ വേറെ തരത്തിലുള്ള പ്രവർത്തനങ്ങൾക്കല്ല. കെഎസ്‌യു, യൂത്ത് കോൺഗ്രസ് ആണെങ്കിലും കോൺഗ്രസ് ആണെങ്കിലും പുതിയ തലമുറ വരുമ്പോൾ പിന്തുണ നൽകും.