തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ബലാത്സംഗ പരാതി ലഭിച്ചതിന് പിന്നാലെ ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീമിൻ്റെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കി കോൺഗ്രസ്. ഗ്രൂപ്പിൽ സ്ത്രീവിരുദ്ധ പരാമർശം വേണ്ട എന്ന നിർദേശത്തെ തുടർന്നാണ് ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കിയത്.
നേരത്തെ പരാതി നൽകിയ അതിജീവിതയുടെ ഐഡൻ്റിറ്റി പ്രചരിപ്പിച്ചതിന് പിന്നിലെ ഗൂഢാലോചന നടന്നത് കോൺഗ്രസിൻ്റെ ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീം വാട്‌സ്ആപ്പ് ഗ്രൂപ്പിലാണെന്ന് സിപിഐഎം നേതാവ് ഡോ. പി. സരിൻ ആരോപിച്ചിരുന്നു.
അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച്, അവരുടെ ഐഡന്റിറ്റി വെളിവാക്കിയത് കോൺഗ്രസിലെ സമ്മുന്നത നേതാക്കൾ അടക്കം ഉൾപ്പെടുന്ന ഈ ഗ്രൂപ്പിൽ നടന്ന ഗൂഢാലോചനയാണെന്നും ഗ്രൂപ്പിൽ യുവതിയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നുമായിരുന്നു പി. സരിൻ്റെ ആരോപണം. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ചായിരുന്നു പി. സരിൻ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തത്.
ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു പെൺകുട്ടി രംഗത്തെത്തിയത്. മുറിയിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംസ്ഥാനത്ത് പുറത്ത് താമസിക്കുന്ന 23കാരിയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നീ നേതാക്കൾക്കാണ് പെൺകുട്ടി പരാതി അയച്ചത്. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതി. മുറിയിൽ വെച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു. ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. അതേസമയം, ഒളിവിൽ കഴിയുന്ന രാഹുലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
