സഹോദരനെ ആക്രമിച്ചു, തടയാൻ ശ്രമിച്ച ഭാര്യയുടെ തലയ്ക്ക് ഇരുമ്പ് കമ്പികൊണ്ട് അടിച്ചു; പ്രതിക്ക് 8 വർഷം തടവ്

0
82

ഹരിപ്പാട്: സഹോദരനെയും സഹോദരന്‍റെ ഭാര്യയെയും ഉപദ്രവിച്ച സംഭവത്തിൽ വീയപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് 8 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറുതന വില്ലേജിൽ ചെറുതന വടക്ക് മുറിയിൽ എസ് ആർ ഭവനം വീട്ടിൽ സുഭാഷിനെയാണ് (47) ആലപ്പുഴ അസിസ്റ്റന്‍റ് സെഷൻസ് കോടതി ജഡ്ജി രേഖ ലോറിയൻ ശിക്ഷിച്ചത്.

പ്രതിക്ക് സഹോദരൻ രാജേഷിനോടുള്ള മുൻവിരോധം കാരണം രാജേഷിനെയും ഭാര്യയെയും 2019 ഓഗസ്റ്റ് 14 ന് വൈകിട്ട് 5.30 മണിക്ക് കുടുംബ വീട്ടിൽ വെച്ച് ഉപദ്രവിക്കുകയായിരുന്നു. സഹോദരനെ ഉപദ്രവിക്കാൻ ചെന്നപ്പോൾ തടയാൻ ചെന്ന സഹോദരന്റെ ഭാര്യയെ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ചു മുറിവേൽപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം.

കേസെടുത്തത് വീയപുരം പൊലീസ്
ആവലാതിക്കാരിയുടെ മൊഴി പ്രകാരം വീയപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീയപുരം സ്റ്റേഷൻ എസ് ഐ ഷഫീഖ് എ ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയത്. ഇൻസ്പെക്ടർ മനു പി മേനോൻ കുറ്റപത്രം കോടതിയിൽ ഹാജരാക്കിയ കേസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പ്രവീൺ ഹാജരായി. സി പി ഒ അനീഷ് പി എ കോടതി നടപടികൾ ഏകോപിപ്പിച്ചു. വിധി പറയുന്ന ദിവസം ഒളിവിൽ പോയ പ്രതിയെ വീയപുരം സ്റ്റേഷൻ എസ് സി പി ഒ അനീഷ്, സി പി ഒ മാരായ അജേഷ്, എബിൻ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.

ഗുഡ്സ് ഓട്ടോയിൽ പീഡനശ്രമം
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെ(35)യാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയില്‍നിന്ന് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്‌കുളിലേക്ക് പോവുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.