രാഹുലിനെതിരായ ലൈംഗിക പീഡന പരാതി; യുവതിക്ക് പോലീസ് സുരക്ഷ

0
133

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വ്യാപക സൈബർ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണിത്.

പരാതി നൽകിയ യുവതിയുടെ ഗർഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്നു ഡോക്ടർ മൊഴി നൽകി. രാഹുലിന്റെ നിർദേശപ്രകാരം സുഹൃത്ത് ജോബി ജോസഫ് നൽകിയ ഗുളികകൾ കഴിക്കുകയായിരുന്നുവെന്നാണു യുവതിയുടെ മൊഴി.

തുടർന്നുള്ള രക്തസ്രാവം മൂലം യുവതി ചികിത്സ തേടിയ ഡോക്ടറിൽനിന്നാണു പൊലീസ് മൊഴിയെടുത്തത്. 2 ഗുളികകളാണു ജോബി നൽകിയത്. ഗർഭം ധരിച്ച് പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കാവുന്ന ഗുളികകളാണ് 3 മാസം ഗർഭിണിയായിരിക്കെ കഴിച്ചത്.

ഡോക്ടറുടെ നിർദേശമോ സാന്നിധ്യമോ ഇല്ലാതെ ഗുളികകൾ കഴിപ്പിച്ചത് അതീവ ഗുരുതര സ്ഥിതിയിലെത്തിച്ചു. അമിത രക്തസ്രാവം മൂലം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. മാനസികമായും തകർന്ന ഇവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയതായാണു വിവരം. ആശുപത്രി രേഖകൾ യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.

പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ യുവതിയുടേതു തന്നെയാണെന്നുറപ്പിക്കാൻ അന്വേഷണ സംഘം അവ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കു കൈമാറി. കസ്റ്റഡിയിലെടുത്ത ശേഷം രാഹുലിന്റെ ശബ്ദ സാംപിളുകളും ഇത്തരത്തിൽ പരിശോധിക്കാനാണു നീക്കം. വിവാഹബന്ധമൊഴിഞ്ഞപ്പോൾ ആശ്വസിപ്പിക്കാനെത്തിയ രാഹുൽ, സൗഹൃദം പ്രണയമായതിനു പിന്നാലെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണു യുവതിയുടെ മൊഴി.