മലയാള തിളക്കത്തിൽ അജ്യാൽ ഫിലിം ഫെസ്റ്റ്; പുരസ്‌കാര നിറവിൽ സുലൈമാനി

0
117

ദോഹ: ദോഹ ഫിലിം ഫെസ്റ്റിവലിലെ അജ്യാൽ ഹ്രസ്വചിത്ര വിഭാഗത്തിൽ ബെസ്റ്റ് ഫിലിം പുരസ്കാരം മലയാളിക്ക്. ഫ്രാൻസിൽ നിന്നുള്ള ആനിമേഷൻ ചലച്ചിത്ര സംവിധായികയും എറണാകുളം സ്വദേശിയുമായ വിന്നി ആൻ ബോസിൻ്റെ സുലൈമാനിയാണ് പുരസ്ക്കാരത്തിന് അർഹമായത്.

ഫ്രാന്‍സില്‍ നിന്ന് വിന്നി ആന്‍ ബോസ് എന്ന മലയാളി യുവതി ഖത്തറില്‍ പറന്നിറങ്ങിയത് മനോഹരമായൊരു ആനിമേഷന്‍ മലയാളം, ഫ്രഞ്ച് ചിത്രവുമായിട്ടായിരുന്നു. പേരുപോലെ മലയാളിക്ക് ഗൃഹാതുരത്വമുയര്‍ത്തുന്ന സിനിമയാണ് 20 മിനുട്ട് ദൈര്‍ഘ്യമുള്ള വിന്നിയുടെ ചിത്രം.

സുലൈമാനി എന്നാണ് ആനിമേഷന്‍ ചിത്രത്തിന്റെ പേര്. കുടുംബത്തിന്റെ പ്രതിസന്ധികള്‍ക്കിടയില്‍ ഫ്രാന്‍സിലേക്ക് അനധികൃത കുടിയേറ്റം നടത്തി പ്രായമായവരെ പരിചരിക്കുന്ന നീനയെന്ന യുവതിയുടേയും സ്‌കോളര്‍ഷിപ്പോടെ പഠനത്തിന് പോയ ആലിയ എന്ന യുവതിയുടേയും കണ്ടുമുട്ടലുണ്ടാക്കുന്ന നാട്ടിലെ ഓര്‍മകളിലേക്കാണ് സുലൈമാനി സഞ്ചരിക്കുന്നത്.

നീനയുടെ കടലാസുകളൊന്നും വര്‍ഷങ്ങളായി ശരിയായിട്ടില്ല, അതുകൊണ്ടുതന്നെ അവര്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയുന്നില്ല. നാലു വര്‍ഷമായി നീന പാരീസില്‍ തന്നെയുണ്ട്. അവരുടെ ഭര്‍ത്താവും രണ്ടു കുട്ടികളും നാട്ടിലാണ്. ആലിയക്കാകട്ടെ അവസരങ്ങളുണ്ടെങ്കിലും അവര്‍ തന്റെ ജന്മനാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കുന്നുമില്ല.

സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് പാലൊഴിക്കാതെ തയ്യാറാക്കുന്ന അറേബ്യന്‍ ചായയാണ് സുലൈമാനി. കേരളത്തില്‍ പലയിടത്തും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്ന പാനീയം കൂടിയാണ് സുലൈമാനി. ബിരിയാണി പോലുള്ള ഭക്ഷണം കഴിച്ചതിന് ശേഷം ദഹനത്തിനും സുലൈമാനി മികച്ച പാനീയമാണ്. ഈ സുലൈമാനിയെ രണ്ട് മലയാളി വനിതകളുടെ പശ്ചാതലത്തില്‍ അവതരിപ്പിക്കുകയാണ് വിന്നി ആന്‍ ബോസ്.

പരസ്പരം പരിചയമില്ലാത്ത രണ്ട് യുവതികള്‍ ക്രിസ്തുമസ് കാലത്ത് അവിചാരിതമായി കണ്ടുമുട്ടുന്നത് മെട്രോ ട്രെയിനിനകത്താണ്. നീനയുടെ ഒരു സാധനം അറിയാതെ ട്രെയിനനകത്ത് മറന്നു പോകുമ്പോള്‍ ആലിയ അത് തിരികെ നല്‍കാന്‍ നടത്തുന്ന പിന്തുടരലാണ് സുലൈമാനിയിലേക്കും ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്കും എത്തിക്കുന്നത്. സുലൈമാനി പോലെ ഒറ്റവാക്കില്‍ നിര്‍വചിക്കാനാവാത്ത ചില ജീവിതങ്ങള്‍ ഫ്രെയിമുകളിലൂടെ കടന്നു പോവുകയാണ്. പാരീസിലെ ഒരു തെരുവില്‍ സുലൈമാനി എന്ന പേരിലൊരു കഫ്റ്റീരിയയും അവിടെ മലയാളികളായ ചിലരും ചേരുമ്പോള്‍ ഈ സിനിമ പൂര്‍ത്തിയാകുന്നു. സുലൈമാനി എന്ന കടയുടെ പേര് ചെറുതായി മലയാളത്തിലും എഴുതാനുള്ളത്രയും നാട് ആ കഫ്റ്റീരിയക്കാരനെ പിന്തുടരുന്നുണ്ടായിരുന്നു.

വിന്നി ആന്‍ ബോസും പാട്രീഷ്യ വാലെക്‌സും ചേര്‍ന്ന് രചിച്ച തിരക്കഥയെ സംവിധാനത്തിന് പുറമെ എഡിറ്റിംങ്ങും നിര്‍വഹിച്ചിരിക്കുന്നത് വിന്നി തന്നെയാണ്. ഒപ്പം ആലിയ എന്ന കഥാപാത്രത്തിന് വിന്നി തന്നെ ശബ്ദവും നല്‍കിയിരിക്കുന്നു.

ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ കാനഡ 2025ല്‍ എക്‌സലന്‍സ് ഇന്‍ ഷോര്‍ട്ട് ഫിലിം മേക്കിംഗ് പുരസ്‌ക്കാരം വിന്നിയുടെ സുലൈമാനി കരസ്ഥമാക്കിയിട്ടുണ്ട്. രണ്ടു വനിതകള്‍ പങ്കിടുന്ന ഒരു ഭക്ഷണ നിമിഷത്തെ അടിസ്ഥാനമാക്കി കുടിയേറ്റ അനുഭവങ്ങളുടെ വികാര സങ്കീര്‍ണതകളിലേക്കുള്ള അതിതീവ്രമായ യാത്രയാണ് സുലൈമാനിയെന്നാണ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ കാനഡ 2025 പുരസ്‌കാരത്തില്‍ സുലൈമാനിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ദൃശ്യവിവരണത്തിന്റെ നൈപുണ്യവും സാംസ്‌ക്കാരിക ഓര്‍മകളുടെ ഗന്ധവും ചേര്‍ന്ന് കഥ പറയുന്ന ഈ ചിത്രം തിരിച്ചറിവിന്റേയും ദേശനഷ്ടത്തിന്റേയും പാളികളുള്ള അനുഭവങ്ങളെ വ്യത്യസ്ത ആനിമേഷന്‍ ശൈലികള്‍ വഴിയാണ് അതിശയകരമായി തുറന്നുകാട്ടുന്നത്.

2026 സീസര്‍ ചലച്ചിത്ര മേളയിലേക്ക് ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ച സുലൈമാനിയെ ഇന്റര്‍നാഷണല്‍ ആനിമേറ്റഡ് ഫിലിം ഫെസ്റ്റിവലായ അനിമഡിബ 2025ലേക്കും ഒഫീഷ്യല്‍ സെലക്ഷന്‍ നല്‍കിയിരുന്നു. അന്നസി ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട സുലൈമാനി ധര്‍മശാല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2025ലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ പഠനകാലത്ത് വിന്നി ആന്‍ ബോ്‌സ് തന്റെ തീസിസ് പ്രൊജക്ടായി രൂപകല്‍പ്പന ചെയ്ത വാട്ട് ഈസ് യുവര്‍ ബ്രൗണ്‍ നമ്പര്‍ എന്ന ആനിമേഷന്‍ ചിത്രം ചിരിയും ചിന്തയും മാത്രമല്ല ഇന്ത്യക്കാരന്റെ ചര്‍മ നിറങ്ങളിലുള്ള ആത്മവിശ്വാസവും അപകര്‍ഷതയും എടുത്തു കാണിക്കുകയും മനഃശാസ്ത്രപരമായ സമീപനങ്ങളും ‘വെളുപ്പിക്കല്‍’ സൗന്ദര്യവര്‍ധക വസ്തുക്കളോടുള്ള ഭ്രമങ്ങളും എടുത്തു കാണിക്കുന്നതായിരുന്നു.