ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ വിമാന നിർമാതാക്കളായ എയർ ബസിന്റെ എ-320 വിമാനങ്ങളിലെ സുരക്ഷാ പ്രതിസന്ധി പ്രവാസികളുടെ യാത്രയെയും ബാധിച്ചേക്കുമെന്ന് ആശങ്ക. കമ്പനിയുടെ ഈ വിഭാഗത്തിലെ ആറായിരത്തോളം വിമാനങ്ങൾക്കാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്.
എയർബസ് എ320 ജെറ്റുകളിലെ ഫ്ലൈറ്റ്-കൺട്രോൾ ഡേറ്റ ഉയർന്ന തോതിലുള്ള സൗരോർജ്ജ വികിരണത്തിന് ഇരയാകുമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് യൂറോപ്യൻ സുരക്ഷാ സമിതി അടിയന്തര നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സൗദിയിലെ ഔദ്യോഗിക വിമാന കമ്പനിയായ സൗദി എയർലൈൻസും യാത്രക്കാരോട് കോണ്ടാക്ട് വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടു.
തീവ്രമായ ‘സൗരോർജ്ജ വികിരണം’ ഫ്ലൈറ്റ് നിയന്ത്രണങ്ങളുടെ പ്രവർത്തനത്തിന് നിർണായകമായ ഡേറ്റയെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് സാഹചര്യം വിശകലനം ചെയ്ത് എയർബസ് വിശദീകരിക്കുന്നത്. A320, A320neo കുടുംബങ്ങളിലെ ഏകദേശം 6,000 വിമാനങ്ങൾക്ക് അറ്റുകറ്റ പണി ആവശ്യമായി വന്നേക്കാം എന്നാണ് വിലയിരുത്തൽ. അതേസമയം, ഇവയിൽ 85 ശതമാനവും തങ്ങളുടെ പഴയ സോഫ്റ്റ്‌വെയർ പതിപ്പിലേക്ക് മടങ്ങുന്നതിലൂടെ പ്രശ്നം പരിഹരിക്കാനാകും. ബാക്കിയുള്ളവയുടെ ഹാർഡ്‌വെയർ അപ്‌ഡേറ്റ് ചെയ്യേണ്ടി വരും. പഴയ സോഫ്റ്റ് വെയർ വേർഷനിലേക്ക് മടങ്ങുന്നതാണ് ഇതിനുള്ള പരിഹാരം. സാങ്കേതികമായി ലളിതമാണെങ്കിലും വിമാനം സർവീസിന് ഉപയോഗിക്കാൻ ഇത് പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ലോകമെങ്ങും നിരവധി സർവീസുകളെ ഇത് പ്രതികൂലമായി ബാധിക്കും.
ഏറെ വർഷങ്ങൾക്ക് ശേഷമാണ് എയർബസിന് ഇത്തരത്തിൽ വൻതോതിലുള്ള പ്രതിസന്ധി നേരിടേണ്ടിവരുന്നത്. ഒക്ടോബർ 30ന് കാൻകൂണിൽ നിന്ന് ന്യൂജഴ്സിയിലേക്ക് പറന്ന ജെറ്റ്‌ബ്ലൂ വിമാനത്തിൽ ഉണ്ടായ പെട്ടെന്നുള്ള ഉയർച്ച-താഴ്ചയാണ് സംഭവത്തെ പറ്റി അന്വേഷിക്കാൻ കാരണമായത്. ഈ സമയത്ത് ചില യാത്രക്കാർക്ക് പരുക്കുകളും സംഭവിച്ചിരുന്നു. തങ്ങളുടെ 480 വിമാനങ്ങളിൽ 340 എണ്ണം പരിഹാരം ആവശ്യമുള്ളവയാണെന്ന് ലോകത്തിലെ ഏറ്റവും വലിയ A320 ഓപ്പറേറ്ററായ അമേരിക്കൻ എയർലൈൻസ് പറഞ്ഞു.
ലുഫ്താൻസ, ഇൻഡിഗോ, ഈസിജെറ്റ് തുടങ്ങിയ എയർലൈൻസുകളും ചില വിമാന സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചു. കൊളംബിയൻ എയർലൈൻ അവിയാൻകയുടെ 100ലധികം വിമാനങ്ങളെ തകരാർ ബാധിച്ചു. ഡിസംബർ 8 വരെ ടിക്കറ്റ് വിൽപ്പന നിർത്തിവച്ചതായും കമ്പനി അറിയിച്ചു. ലോകമെമ്പാടും ഏകദേശം 11,300 A320 വിമാനങ്ങൾ സർവീസിലുണ്ട്. ഇവയിൽ 6,440 എണ്ണം പ്രധാന A320 മോഡലാണ്. അമേരിക്ക, ചൈന, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലെ പ്രധാന എയർലൈൻസുകൾ ഈ മോഡലിന്റെ വലിയ ഉപഭോക്താക്കളാണ്. നൂറു കണക്കിന് വിമാനങ്ങൾ ഒറ്റയടിക്ക് അറ്റകുറ്റ പണി ആവശ്യമാകുന്നത് ഏറെ പ്രയാസമുണ്ടാക്കും.
