ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; ഡിവൈഎസ്പിക്കെതിരെ യുവതിയുടെ മൊഴി

0
171

പാലക്കാട്: വടകര ഡിവൈഎസ്പി എ.ഉമേഷ് പീഡിപ്പിച്ചെന്ന് യുവതി പൊലീസിൽ മൊഴി നൽകി. ചെര്‍പ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമർശിച്ച യുവതിയാണ് തന്നെ ഉമേഷ് പീഡിപ്പിച്ചെന്ന് മൊഴി നൽകിയത്. 

വീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി. ഭീഷണിപ്പെടുത്തിയെന്നും ബ്ലാക്മെയിൽ ചെയ്തെന്നും മൊഴിയില്‍ പറയുന്നു. 2014 ഏപ്രില്‍ 15നാണ് പീഡനം നടന്നതെന്നും യുവതി മൊഴി നൽകി.

ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിൽ തന്നെക്കുറിച്ചു വന്ന പരാമർശങ്ങൾ വടകര ഡിവൈഎസ്പി ഉമേഷ് തള്ളിയതിനു പിന്നാലെയാണ് കേസിൽ യുവതിയുടെ മൊഴി പുറത്തുവരുന്നത്. ചെർപ്പുളശ്ശേരിയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എസ്എച്ച്ഒ ബിനു തോമസിന്റെ (52) സമീപം കണ്ടെത്തിയ 32 പേജ് വരുന്ന ആത്മഹത്യ‌ക്കുറിപ്പിലാണ് 2014 ൽ മേലുദ്യോഗസ്ഥനായിരുന്ന ഉമേഷിനെതിരെ പരാമർശങ്ങളുണ്ടായിരുന്നത്. 

2014 ൽ അനാശാസ്യത്തിനു പിടിയിലായ യുവതിയെ ഉമേഷ് അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് ബിനുവിന്റെ കുറിപ്പിലുണ്ടായിരുന്നത്. അതേസമയം, 11 വർഷം മുൻപുളള സംഭവമാണെന്നും കത്തിൽ പരാമർശിക്കുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ഉമേഷ് വെളിപ്പെടുത്തിയത്. ഉമേഷിനെതിരെ സസ്പെൻഷൻ ഉൾപ്പെടെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.