രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത, ഗുരുതര വെളിപ്പെടുത്തലുകൾ, എംഎൽഎ അറസ്റ്റിലേക്കോ ?

0
131

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ന്യൂസ് മലയാളം പുറത്തുവിട്ടതിന് പിന്നാലെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിതയായ പെൺകുട്ടി. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്.

ഇന്ന് വൈകീട്ടോടെ സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് പെൺകുട്ടി മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്.

പരാതിക്ക് അടിസ്ഥാനമായ നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനേയും മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. പിന്നാലെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.

യുവതിക്കും ​ഗർഭസ്ഥശിശുവിനും നേരെ മാങ്കൂട്ടത്തിൽ കൊലവിളി നടത്തുന്നതിന്റെയും ഗർഭഛി​ദ്രത്തിന് നിർബന്ധിക്കുകയും ചെയ്യുന്നതിൻ്റെ വാട്സാപ്പ് ചാറ്റുകളും ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഇവയൊന്നും നിഷേധിക്കാൻ രാഹുൽ ഇതുവരെ തയ്യാറായിട്ടില്ല.

പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നു. അഞ്ച് പേർ ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. 18 മുതൽ 60 വയസു വരെ പ്രായമുള്ളവരാണ് ഇരകളായതെന്നും കാട്ടി ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു.

രണ്ട് യുവതികൾ ഗർഭച്ഛിദ്രത്തിന് വിധേയരായെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിലൊരാളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയത് ബെംഗളൂരുവിൽ വച്ചായിരുന്നു.

പെൺകുട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച് അശാസ്ത്രീയമായി ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതിലൂടെ പെൺകുട്ടി കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം പെൺകുട്ടിയെ ഗർഭിണിയാകാൻ രാഹുൽ നിർബന്ധിക്കുന്ന ചാറ്റുകളും, ശേഷം കയ്യൊഴിയുന്ന ഫോൺ റെക്കോർഡുകളും ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ഗർഭിണിയാകുന്നത് തൻ്റെ പ്ലാന്‍ ആയിരുന്നില്ലല്ലോ എന്നും ഇപ്പോഴെന്തിനാണ് ഇങ്ങനെ പിന്മാറുന്നത് എന്നുമാണ് യുവതി രാഹുലിനോട് ചോദിക്കുന്നത്. കുഞ്ഞിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത് ആരാണ്? അത് ഞാന്‍ ആണോ എന്നും യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനോട് ചോദിക്കുന്നു.

നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് എന്നും രാഹുലിനോട് പെണ്‍കുട്ടി ചോദിക്കുന്നു. എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത് നിങ്ങള്‍ക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്നും പെണ്‍കുട്ടി പറയുമ്പോള്‍ ”നിനക്കില്ലാത്ത പ്രശ്‌നം എന്തിനാണ് എനിക്ക്” എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

….