അവിടെയും ഇവിടെയും കാണുന്ന ക്യൂആർ കോഡ് കണ്ടാൽ സ്കാൻ ചെയ്യാൻ നോക്കണ്ട; മുട്ടൻ പണി കിട്ടും

0
111

ഷാർജ: പൊതുസ്ഥലങ്ങളിൽ ചുമരുകളിലോ മറ്റോ കാണുന്ന സാധാരണ ക്യൂആർ കോഡ് കണ്ടാൽ അത് സ്കാൻ ചെയ്യാൻ ഫോണെടുക്കുന്നവർ സൂക്ഷിക്കുക, ചിലപ്പോള്‍ ഇത് പൊലീസിന്റെ പരീക്ഷണമായിരിക്കും. ഇത്തരമൊരു ആകാംക്ഷയെ മുൻനിർത്തിയാണ് ഷാർജ പൊലീസ് രസകരമായ പരീക്ഷണം നടത്തിയത്.

‘സൗജന്യ വൈഫൈ’ എന്ന അടിക്കുറിപ്പോടെ ഒരു ക്യൂആർ കോഡ് പൊതുസ്ഥലത്ത് പതിച്ചു. ഈ ക്യൂആർ കോഡിന് ഔദ്യോഗിക ലോഗോകളോ എവിടേക്കാണ് ഇത് നയിക്കുന്നതെന്നോ ഉള്ള യാതൊരു വിശദീകരണവും ഉണ്ടായിരുന്നില്ല. കൃത്യമായ പരിശോധനകളില്ലാതെ എത്രപേർ ഇത് സ്കാൻ ചെയ്യുമെന്ന് അറിയുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം.

പരീക്ഷണം നടത്തിയപ്പോൾ, കോഡ് സ്കാൻ ചെയ്തവർക്ക് സൗജന്യ വൈഫൈ ലഭിച്ചില്ല, പകരം ലഭിച്ചത് ഒരു മുന്നറിയിപ്പായിരുന്നു. ക്യൂആർ കോഡുകൾ വളരെ ലളിതവും കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നതുമാണ്.

വിവരങ്ങൾ കൈമാറാനും നേടാനും ഇത് ഉപയോക്താക്കളെയും ബിസിനസ്സുകളെയും സഹായിക്കുന്നു. ഷാർജ പൊലീസിന്റെ വിഡിയോയിൽ കണ്ടതുപോലെ, ഈ പ്രക്രിയ വളരെ ലളിതമായതുകൊണ്ട് തന്നെ ആളുകൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഫോണെടുത്ത് സ്കാൻ ചെയ്യുന്നു. എന്നാൽ, ഈ ലാളിത്യം തന്നെയാണ് തട്ടിപ്പിനും ദുരുപയോഗത്തിനും കാരണമാവുന്നത്.

∙ വിവരങ്ങൾ ചോർത്തും, മാൽവെയർ സ്ഥാപിക്കും
ദുരുദ്ദേശ്യമുള്ള വ്യക്തികൾക്ക് ക്യൂആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്താനാകും. ഇത് വിവരങ്ങൾ മോഷ്ടിക്കുന്ന വെബ്സൈറ്റുകളിലേക്കോ, സംശയിക്കാത്ത ഉപയോക്താവിന്റെ ഫോണിൽ മാൽവെയറുകൾ സ്ഥാപിക്കുന്നതിലേക്കോ നയിച്ചേക്കാം. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കേണ്ടതും ഔദ്യോഗികമല്ലാത്ത ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്.

∙ ക്യൂആർ കോഡ് തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷിക്കാൻ
ഈ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ ദുബായ് മുനിസിപ്പാലിറ്റി ചില നിർദ്ദേശങ്ങൾ നേരത്തെ പങ്കുവെച്ചിരുന്നു: അതീവ രഹസ്യ വിവരങ്ങൾ നൽകരുത്: പാസ്‌വേഡുകൾ, ബാങ്ക് വിശദാംശങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ തുടങ്ങിയ സെൻസിറ്റീവായ വിവരങ്ങൾ ക്യൂആർ കോഡ് വഴി പ്രവേശിച്ച വെബ്സൈറ്റുകളിൽ അവ സുരക്ഷിതമാണെന്ന് ഉറപ്പില്ലെങ്കിൽ ഒരു കാരണവശാലും നൽകരുത്.

ലിങ്ക് പരിശോധിച്ച് ഉറപ്പാക്കുക: ഫോൺ ക്യൂആർ കോഡിന് നേരെ പിടിക്കുമ്പോൾ, ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ലിങ്ക് കാണാൻ സാധിക്കും. ലിങ്ക് “https://” എന്ന് തുടങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ ദുബായ് മുനിസിപ്പാലിറ്റി ശുപാർശ ചെയ്യുന്നു. ഇത് ഫോണും വെബ്സൈറ്റും തമ്മിലുള്ള കണക്ഷൻ സുരക്ഷിതമാണ് എന്നതിന്റെ സൂചനയാണ്.

ആകാംക്ഷയ്ക്ക് വഴങ്ങരുത്: ചുമരുകളിലോ പൊതുസ്ഥലങ്ങളിലോ കാണുന്ന ക്യൂആർ കോഡുകൾ വെറുതെ കൗതുകത്തിന് വേണ്ടി സ്കാൻ ചെയ്യരുത്. ആരാണ് കോഡ് പോസ്റ്റ് ചെയ്തതെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം സ്കാൻ ചെയ്യുക.